ശബരിമലയില്‍ 351 കോടി രൂപയുടെ വരുമാനം; നാണയം എണ്ണുന്ന ജീവനക്കാര്‍ക്ക് വിശ്രമം അനുവദിച്ചു

By: 600021 On: Jan 25, 2023, 8:22 PM

ശബരിമല  മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിൽ ഈ വര്‍ഷം  351 കോടിയുടെ വരുമാനം കിട്ടിയെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപന്‍ അറിയിച്ചു. നാണയങ്ങള്‍ ഇനിയും എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തല്‍. എഴുപത് ദിവസമായി തുടർച്ചയായി നാണയം എണ്ണൽ  ജോലി ചെയ്തതിനാൽ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട  ജീവനക്കാർക്ക് വിശ്രമം നൽകാൻ ദേവസ്വം ബോർഡ്  തീരുമാനിച്ചു. ബാക്കിയുള്ള നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും. അതേസമയം  അരവണപായസത്തിന് ഗുണനിലവാരം കുറഞ്ഞ  ഏലക്ക  ഉപയോഗിക്കുന്നത്  സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍, ഭാവിയിലെ ഏലക്ക ഉപയോഗം ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.