വില്ലനായി ട്രാന്‍സ്ഫാറ്റ്: ലോകത്ത് അഞ്ച് ബില്യണ്‍ ആളുകളില്‍ മരണത്തിന് സാധ്യത കൂടുതലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് 

By: 600002 On: Jan 24, 2023, 10:11 AM


ലോകത്തിലെ അഞ്ച് ബില്യണ്‍ ആളുകളില്‍ ട്രാന്‍സ്ഫാറ്റ് മൂലമുള്ള മരണത്തിന് സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കുന്ന ട്രാന്‍സ്ഫാറ്റ് പോലുള്ള കൊഴുപ്പുകള്‍ നിരോധിക്കാന്‍ ഗവണ്‍മെന്റുകള്‍ കൂടുതല്‍ കര്‍ശന നടപടികളെടുക്കണമെന്ന് 2022 ലെ ആഗോള ട്രാന്‍സ്ഫാറ്റ് നിര്‍മാര്‍ജനത്തെക്കുറിച്ചുള്ള ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. 

ട്രാന്‍സ്ഫാറ്റിന് പ്രയോജനങ്ങളൊന്നുമില്ല. മറിച്ച്, ആരോഗ്യ പരിപാലന സംവിധാനങ്ങള്‍ക്ക് ചെലവ് വരുത്തിവെക്കുന്ന അപകകരമായ രോഗാവസ്ഥ ഉണ്ടാക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോള ട്രാന്‍സ്ഫാറ്റ് ഉപഭോഗം ഓരോ വര്‍ഷവും കൊറോണറി ഹൃദ്രോഗം മൂലം 50,000 പേരുടെ മരണത്തിനിടയാക്കുന്നു. 

നിത്യേന കഴിക്കുന്ന പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും ട്രാന്‍സ്ഫാറ്റ് അടങ്ങിയിട്ടുണ്ട്. കേക്ക് പോലുള്ള ബേക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍, ജങ്ക് ഫുഡ്‌സ്, സ്‌നാ്ക്‌സ് തുടങ്ങിയവയിലൊക്കെ ഇതുണ്ടാകും. വിലക്കുറവ്, രുചി, കൂടുതല്‍ കാലം കേടാകാതിരിക്കുന്നു എന്നീ സവിശേഷതകള്‍ ഇവ ഉപയോഗിക്കാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നു. 

ട്രാന്‍സ്ഫാറ്റ് ശരീരത്തില്‍ പല ആരോേഗ്യപ്രശ്‌നങ്ങളുമുണ്ടാക്കും. ഹൃദയാഘാതം, സ്‌ട്രോക്ക്, അമിതവണ്ണം, പ്രമേഹം, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി അപകകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനാല്‍ ട്രാന്‍സ്ഫാറ്റിന്റെ ഉല്‍പ്പാദനം പൂര്‍ണമായി നിര്‍ത്തിവെക്കണമെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നത്.