ശനിയാഴ്ച കാലിഫോര്‍ണിയയില്‍ 10 പേരുടെ മരണത്തിനിടയാക്കിയ കൂട്ടവെടിവെപ്പിന് പിന്നാലെ തിങ്കളാഴ്ച വീണ്ടും കൂട്ടവെടിവെപ്പ്. സാന്‍ഫ്രാന്‍സിസ്‌കോയുടെ തെക്ക് കാലിഫോര്‍ണിയ തീരദേശമായ ഹാഫ് മൂണ്‍ബേയിലെ ഒരു അഗ്രികള്‍ച്ചറല്‍ ഫെസിലിറ്റിയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. പ്രതിയെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. 67കാരനായ ചുന്‍ലി ഷാവോയാണ് വെടിവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായതെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.
ഷാവോ ഫെസിലിറ്റികളിലെ ഒരു സ്ഥാപനത്തിലെ തൊഴിലാളിയാണെന്നും പ്രതിയുടെ കൂടെ ജോലി ചെയ്യുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടവരെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഒരു ഫെസിലിറ്റികളിലുള്ള തൊഴിലാളികള്‍ അവിടെ തന്നെ താമസിച്ചുവരികയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 2.30 ഓടു കൂടിയാണ് വെടിവെപ്പുണ്ടായത്. വെടിയേറ്റ നാല് പേരെയും പരുക്കേറ്റ ഒരാളെയും സംഭവസ്ഥലത്ത് തന്നെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റൊരു ഫെസിലിറ്റിയില്‍ മൂന്ന് പേര്‍ കൂടി കൊല്ലപ്പെട്ടതായി കണ്ടെത്തിയെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സംഭവം നടന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ഹാഫ് മൂണ്‍ ബേയില്‍ ഷെരീഫ് സ്റ്റേഷനില്‍ വെച്ച് സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ പ്രതിയെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ പക്കല്‍ നിന്നും തോക്ക് കണ്ടെടുത്തു. വെടിവെപ്പിനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പ്രതിയെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.