മെട്രോ വാന്‍കുവറില്‍ ഗ്യാസ് വില ഈ വര്‍ഷം പുതിയ റെക്കോര്‍ഡ് നിരക്കിലേക്കെത്തുമെന്ന് റീട്ടെയ്ല്‍ അനലിറ്റിക്സ് കമ്പനിയായ കാലിബ്രേറ്റിന്റെ പ്രവചനം. ഈ വര്‍ഷാവസനത്തോടെ കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് മറികടക്കുമെന്ന് കാലിബ്രേറ്റ് പ്രിന്‍സിപ്പല്‍ കണ്‍സള്‍ട്ടന്റ് പോള്‍ പോസ്കോ പറയുന്നു. ഗ്യാസ് വില ലിറ്ററിന് 2.65 ഡോളറിലെത്തുമെന്നും വാന്‍കുവറിലും ലോവര്മെയിന്ലാന്ഡിലും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഗ്യാസ് വില രേഖപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബീസിയിലെ നികുതിയുടെ ഫലമായാണ് ഇത്. കൂടാതെ ലഭ്യത കുറയാനും എന്നാല്‍ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡും വില ഉയരാന്‍ കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉക്രെയ്ന്-റഷ്യ യുദ്ധം, ചൈനയില്‍ കോവിഡ് രൂക്ഷമാകുന്നത്, വെസ്റ്റേണ്‍ യുഎസിലെ കാട്ടുതീ തുടങ്ങിയ ആഗോള സംഭവങ്ങള്‍ വില വര്‍ധനവിന് കാരണമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ട്രാന്‍സ് മൗണ്ടെന് പൈപ്പ്ലൈന് പൂര്‍ത്തിയാകുമ്പോള്‍ പ്രവിശ്യയ്ക്ക് ചെറിയ ആശ്വാസമുണ്ടാകുമെന്നും പാസ്കോ ചൂണ്ടിക്കാട്ടി.