ടെക് കമ്പനികളിലെ പിരിച്ചുവിടല്‍: ജീവനക്കാര്‍ക്ക് നിയമോപദേശം തേടാമെന്ന് വിദഗ്ധര്‍ 

By: 600002 On: Jan 23, 2023, 10:47 AM


ലോകമെമ്പാടുമുള്ള മള്‍ട്ടിനാഷണല്‍ ടെക് കമ്പനികളിലെ കൂട്ട പിരിച്ചുവിടലിനെ തുടര്‍ന്ന് വലിയൊരു തൊഴില്‍ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ആമസോണ്‍, ഫേസ്ബുക്ക് തുടങ്ങി ലോകത്തിലുടനീളമുള്ള ടെക് ഭീമന്മാര്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ തുടങ്ങിയിരിക്കുകയാണ്. ജോലിയില്‍ പുതുതായി പ്രവേശിച്ചവരെയും അനുഭവസമ്പത്തുള്ളവരെയും എല്ലാം ഈ പിരിച്ചുവിടല്‍ സാരമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിരിച്ചുവിട്ടതിനു ശേഷമുള്ള നടപടിക്രമങ്ങള്‍ കമ്പനികള്‍ കൃത്യമായി ഉറപ്പു വരുത്തുന്നുണ്ടോയെന്നും ജീവനക്കാര്‍ക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ പാടില്ലെന്നും വിദഗ്ധര്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകാണ്. 

അടുത്തിടെ പിരിച്ചുവിലലുകള്‍ക്ക് വിധേയരായ ജീവനക്കാരുമായി ഇടപെട്ടിരുന്നുവെന്ന് ലേബര്‍ ആന്‍ഡ്് എംപ്ലോയ്‌മെന്റ് ലോ ഗ്രൂപ്പായ സാംഫിരു തുമര്‍കിന്‍ എല്‍എല്‍പിയുടെ പാര്‍ട്ണറായ ജോണ്‍ പിങ്കസ് പറയുന്നു. സംസാരിച്ച ജീവനക്കാരിലെല്ലാവരും ഭാവിയില്‍ ഇനി എന്ത് എന്ന ചോദ്യവുമായാണ് കമ്പനിയുടെ പടിയിറങ്ങുന്നത്.  ജോലി നഷ്ടപ്പെട്ടാല്‍ വേര്‍പിരിയല്‍ ഓഫറുകള്‍ കുറവായിരിക്കുമെന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ടെന്ന് പിങ്കസ് പറയുന്നു. തൊഴിലുടമ പറയുന്ന കാര്യങ്ങള്‍ അതേപടി മുഖവിലയ്‌ക്കെടുക്കരുത്. അവര്‍ അവരുടെ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കുക. അതിനാല്‍ ഒരു നിയമോപദേശകനില്‍ നിര്‍ദ്ദേശം സ്വീകരിക്കുന്നത് എന്തുകൊണ്ടും ഉചിതമായിരിക്കുമെന്ന് പിങ്കസ് വ്യക്തമാക്കുന്നു. 

രാജി സമര്‍പ്പിക്കുമ്പോള്‍ ഡോക്യുമെന്റിലുള്ള എല്ലാ കാര്യങ്ങളും സൂക്ഷ്മമായി വായിച്ചതിനു ശേഷം മാത്രം സൈന്‍ ചെയ്യുക. കമ്പനിയില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ രേഖങ്ങളും ലഭ്യമാക്കുക. അത് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കമ്പനിയില്‍ നിന്നും മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റാനുണ്ടെങ്കില്‍ അതും ഉറപ്പുവരുത്തുക. 

എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സിന്(EI)  അര്‍ഹരാണോയെന്ന് മനസ്സിലാക്കേണ്ടതും അത്യാവശ്യമാണെന്നും വിദഗ്ധര്‍ പറയുന്നു. കാനഡയില്‍, തങ്ങളുടേതായ ഒരു തെറ്റും കൂടാതെ വിട്ടയച്ചാല്‍ ജീവനക്കാര്‍ക്ക് അണ്‍എംപ്ലോയ്‌മെന്റ് ഇന്‍ഷുറന്‍സ് ബെനിഫിറ്റിന് അര്‍ഹതയുണ്ട്.