കാനഡയിലുടനീളം വാടക നിരക്ക് കുത്തനെ ഉയര്‍ന്നു: റെന്റല്‍സ് റിപ്പോര്‍ട്ട് 

By: 600002 On: Jan 23, 2023, 9:32 AM


പണപ്പെരുപ്പം കുത്തനെ വര്‍ധിച്ചതോടെ കാനഡയിലുടനീളം വാടക നിരക്കും കുതിച്ചുയരുന്നതായി Rentals.ca യുടെ റിപ്പോര്‍ട്ട്. 2021 ഡിസംബറിനെ അപേക്ഷിച്ച് 12 ശതമാനത്തിലധികം വര്‍ധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. കഴിഞ്ഞ മാസത്തെ ദേശീയ ശരാശരി വാടക 2,005 ഡോളറിലെത്തിയതായി റെന്റല്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. വണ്‍ ബെഡ്‌റൂം യൂണിറ്റിന് പ്രതിമാസം ശരാശരി 2,596 ഡോളറായ വാന്‍കുവറാണ് രാജ്യത്തെ ഏറ്റവും കുടുതല്‍ വാടക നിരക്കുള്ള നഗരം. 

ടൊറന്റോ( 2,457 ഡോളര്‍) രണ്ടാം സ്ഥാനത്തും ബീസിയിലെ ബേണബി(2,450 ഡോളര്‍), എറ്റോബിക്കോക്ക് ഏരിയ(2,172 ഡോളര്‍), മിസിസാഗ( 2,145 ഡോളര്‍) എന്നീ നഗരങ്ങള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ആല്‍ബെര്‍ട്ടയിലെ നഗരങ്ങളിലാണ് ഏറ്റവും കുറവ് വാടക നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 840 ഡോളര്‍ മാത്രം വാടക നിരക്കുള്ള ലോയ്ഡ്മിന്‍സ്റ്ററാണ് പട്ടികയില്‍ ഏറ്റവും അവസാനം. 

പാന്‍ഡെമിക്കിന് ശേഷമുള്ള തിരിച്ചുവരവ്, റെക്കോര്‍ഡ് തലത്തിലേക്ക് ഉയര്‍ന്ന ജനസംഖ്യ, വീട് വാങ്ങുന്നതില്‍ നിന്നുമുള്ള പിന്‍വലിയല്‍ തുടങ്ങിയവയാണ് കഴിഞ്ഞ വര്‍ഷത്തെ വാടകയിലെ അസാധാരണമായ വര്‍ധനവിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.