'വൈറലാകാന്‍ നില്‍ക്കേണ്ട': ജീവന്‍ അപകടത്തിലാക്കുന്ന 'ഡ്രാഗണ്‍സ് ബ്രീത്ത്' മിഠായികള്‍ക്കെതിരെ മുന്നറിയിപ്പുമായി ഇന്തോനേഷ്യ

By: 600002 On: Jan 23, 2023, 8:55 AM

 


ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്തോനേഷ്യയിലെ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ടിക് ടോക്കില്‍ വൈറലായ 'ഡ്രാഗണ്‍സ് ബ്രീത്ത്'  മിഠായി കഴിച്ച് 25 ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് മന്ത്രാലത്തിന്റെ മുന്നറിയിപ്പ്. ഇന്തോനേഷ്യയില്‍ ചിക്കി എന്‍ഗെബുള്‍ എന്ന് വിളിക്കപ്പെടുന്ന തെരുവുകളില്‍ വില്‍ക്കപ്പെടുന്ന ലഘുഭക്ഷണം കഴിച്ചാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായത്. 

ഇത് കഴിക്കുമ്പോള്‍ വായില്‍ നിന്നും വ്യാപകമായ പുക വരുന്നു. ലിക്വിഡ് നൈട്രജന്‍ അടങ്ങിയ ഐസ്‌ക്രീമുകളും മിഠായികളും കഴിക്കുന്നതിന്റെ വീഡിയോ ടിക് ടോക്ക് ഉള്‍പ്പെടെയുള്ളവയില്‍ വൈറലായതോടെയാണ് കൂടുതല്‍ ആളുകള്‍ ആകൃഷ്ടരാകുന്നത്. ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നുവെന്നതിനാല്‍ അത് ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. 

2022 ജൂണിനും ഡിസംബറിനും ഇടയില്‍ ഡ്രാഗണ്‍ ബ്രീത്ത് കാന്‍ഡികള്‍ കഴിച്ച കുട്ടികള്‍ക്കാണ് വിഷബാധയേറ്റത്. രണ്ട് പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതായി വന്നുവെന്നും ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ മാക്‌സി റെയിന്‍ റൊണ്ടോനുവു പറയുന്നു. കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിന് പിന്നാലെ കഠിനമായ വയറുവേദനയും, തൊലി പൊള്ളലേറ്റതിന് സമാനമാകുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. 

ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേല്‍പിക്കാന്‍ തക്ക ശേഷിയുള്ളതാണ് ലിക്വിഡ് നൈട്രജന്‍. മാത്രവുമല്ല, തൊലിപ്പുറത്ത് തകറാറുകള്‍ ഉണ്ടാകാനും സാധ്യതയേറെയാണ്. ഐസ്‌ക്രീം, കോക്ടെയ്ല്‍ എന്നിവയില്‍ ലിക്വിഡ് നൈട്രജന്‍ വ്യാപകമായി ഇന്ന് ഉപയോഗിക്കുന്നുണ്ട്. വില്പനയില്‍ വിപണി പിടിച്ചടക്കുന്ന പുക വരുന്ന ഐസ്‌ക്രീമുകള്‍ എല്ലായിടത്തും സജീവമായിക്കഴിഞ്ഞു. ഇതിനെതിരെ പല രാജ്യങ്ങളിലും മുന്നറിയിപ്പ് വന്നിട്ടുണ്ട്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(FDA)  ഇത് സംബന്ധിച്ച് ജാഗ്രതാ നിര്‍ദ്ദേശവും പുറത്തിറക്കി കഴിഞ്ഞു.