ഒന്റാരിയോയിലുടനീളം ഏകദേശം 12,000 കുട്ടികള്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് വലിയൊരു പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്നും പ്രവിശ്യയിലെ പ്രധാന പീഡിയാട്രിക് ഹോസ്പിറ്റല്‍ അധികൃതര്‍ പറയുന്നു.
ഇന്‍ഫ്‌ളുവന്‍സ, ആര്‍എസ്‌വി എന്നീ ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കുട്ടികളുടെ ആശുപത്രികളില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരക്ക് അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ടൊറന്റോയിലെ സിക്ക് കിഡ്‌സ് ഹോസ്പിറ്റല്‍, ഹാമില്‍ട്ടണിലെ മക്മാസ്റ്റര്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, ലണ്ടന്‍ ഹെല്‍ത്ത് സയന്‍സസ് സെന്ററിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍, ഓട്ടവയിലെ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഈസ്‌റ്റേണ്‍ ഒന്റാരിയോ എന്നിവയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ റദ്ദാക്കുകയും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും ഐസിയുകളിലേക്കും ജീവനക്കാരെ പുനര്‍വിന്യസിക്കുകയും ചെയ്തു. ഇത് ശസ്ത്രക്രിയയ്ക്കായുള്ള കാത്തിരിപ്പ് സമയം വര്‍ധിപ്പിച്ചു. ഇപ്പോള്‍ വെയ്റ്റ്‌ലിസ്റ്റില്‍ ശസ്ത്രക്രിയക്കായി 12,000 ത്തോളം കുട്ടികളാണ് കാത്തിരിക്കുന്നത്.
ലിസ്റ്റിലുള്ള 11,789 കുട്ടികളില്‍ പകുതിയോളം പേരും ക്ലിനിക്കലി റെക്കമന്‍ഡഡ് ടൈമിനുമപ്പുറത്തേക്ക് കാത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശസ്ത്രക്രിയകള്‍ വേഗത്തില്‍ നടക്കാതിരിക്കുന്നതിന് മറ്റൊരു പ്രധാന പ്രശ്‌നമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് ജീവനക്കാരുടെ കുറവാണ്. ഇതിനൊരു പരിഹാരം ഉടനടി ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി സര്‍ക്കാരിന്റെ ഇടപെടല്‍ അനിവാര്യമാണെന്നും ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.