‘കശ്മീർ’ പാകിസ്ഥാൻ്റെ  ദേശീയ പ്രശ്നമെന്ന് ആ​ഗോള ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി

By: 600021 On: Jan 21, 2023, 6:57 PM

‘കാശ്മീർ’ പാകിസ്ഥാൻ്റെ  ദേശീയ പ്രശ്നമാണെന്നും  കശ്മീരിലെ ജനങ്ങൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ യുഎൻ പ്രമേയങ്ങൾക്കനുസരിച്ച് പ്രശ്നം പരിഹരിക്കണമെന്നും ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബ  ഭീകരൻ അബ്ദുൾ റഹ്മാൻ മക്കി. ലാഹോറിലെ കോട് ലഖ്പത് ജയിലിൽ നിന്ന് അൽ-ഖ്വയ്ദയുമായോ ഇസ്ലാമിക് സ്‌റ്റേറ്റുമായോ യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞു  പുറത്തിറക്കിയ  വീഡിയോയിലാണ് കശ്മീർ സംബന്ധിച്ച പരാമർശമുള്ളത്.  അൽ-ഖ്വയ്ദയുടെയും ഐഎസിൻ്റെയും കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും തൻ്റെ വിശ്വാസങ്ങൾക്ക് വിപരീതമാണെന്നും ഒസാമ ബിൻ ലാദൻ, അയ്മൻ അൽ-സവാഹിരി അല്ലെങ്കിൽ അബ്ദുള്ള അസമിനെപ്പോലുള്ള വ്യക്തികളുടെ കാഴ്ചപ്പാടുകൾ, ആശയങ്ങൾ, പ്രവൃത്തികൾ എന്നിവയെ താൻ അംഗീകരിക്കുന്നില്ലെന്നും മക്കി പറഞ്ഞു. ലഷ്കറെ ത്വയ്യിബ, ജമാഅത്തുദ്ദവ ഭീകര സംഘങ്ങളുടെ തലപ്പത്തെ രണ്ടാമനായ 68 കാരനായ  മക്കി കശ്മീരിൽ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ്. ലഷ്കർ ഭീകരർക്ക് പണം എത്തിക്കുന്ന ആഗോള ശൃഖലയുടെ ചുമതലക്കാരനായ അബ്ദുൽ റഹ്‌മാൻ മക്കിക്ക് അമേരിക്ക തലയ്ക്ക് 16 കോടി വിലയിട്ടിരുന്നു.