കാല്‍ഗറിയില്‍ ട്രാന്‍സ്-കാനഡ ഹൈവേയില്‍ സെമി ട്രക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ കൊല്ലപ്പെട്ടു 

By: 600002 On: Jan 21, 2023, 11:30 AM

കാല്‍ഗറിയില്‍ ട്രാന്‍സ്-കാനഡ ഹൈവേയില്‍ സെമി ട്രക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ ചെസ്റ്റര്‍മെയര്‍ നഗരത്തിലെ പാരസൈഡ് റോഡിന് സമീപമാണ് അപകടമുണ്ടായതെന്ന് ആര്‍സിഎംപി അറിയിച്ചു. ഹൈവേയ്ക്ക് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന രണ്ട് സെമി ട്രക്കുകളിലേക്ക് ഹൈവേയിലൂടെ പോവുകയായിരുന്ന മറ്റൊരു ട്രക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറുകയായിരുന്നു. 

മരിച്ചയാള്‍ പാര്‍ക്ക് ചെയ്തിരുന്ന ട്രക്കുകളിലൊന്നിലുള്ളതാണെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. ഡ്രൈവര്‍മാര്‍ 30 നും 50 നും ഇടയില്‍ പ്രായമുള്ളവരാണെന്ന് ഇഎംഎസ് അറിയിച്ചു. പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തതായും ഇഎംഎസ് അറിയിച്ചു. മരിച്ചയാളിന്റെയോ പരുക്കേറ്റവരുടെയോ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. 

ലെത്ത്ബ്രിഡ്ജില്‍ നിന്നുള്ള ആര്‍സിഎംപിയുടെ കോളിഷന്‍ അനലിസ്റ്റുകള്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.