കാനഡയില്‍ ആര്‍സിഎംപി എമര്‍ജന്‍സി ഡിസ്പാച്ചിംഗ് സെക്ഷനില്‍ പ്രതിസന്ധി നേരിടുന്നതായി യൂണിയന്‍ 

By: 600002 On: Jan 21, 2023, 11:10 AM

കാനഡയിലെ ആര്‍സിഎംപി എമര്‍ജന്‍സി ഡിസ്പാച്ചിംഗ് സെക്ഷനിലുണ്ടായിരിക്കുന്നജീവനക്കാരുടെ കുറവും, റിക്രൂട്ടിംഗ്, നിലനിര്‍ത്തല്‍ പ്രശ്‌നങ്ങളും കാരണം 911 ഡിസ്പാച്ചര്‍മാരെ തകര്‍ച്ചയിലേക്ക് നയിക്കുന്നുവെന്ന് ആര്‍സിഎംപി എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റുകളെ പ്രതിനിധീകരിക്കുന്ന യൂണിയന്‍ പറയുന്നു. അതേസമയം, രാജ്യത്തുടനീളമുള്ള ആര്‍സിഎംപി എമര്‍ജന്‍സി കമ്മ്യൂണിക്കേഷന്‍ സെന്ററുകളില്‍ ശരാശരി 40 ശതമാനം ജോലി ഒഴിവുണ്ടെന്നാണ് കനേഡിയന്‍ യൂണിയന്‍ ഓഫ് പബ്ലിക് എംപ്ലോയീസ് പുറത്തുവിടുന്ന റിപ്പോര്‍ട്ട്. ജോലി ഒഴിവുകളുണ്ടെങ്കിലും പുതിയ നിയമനങ്ങളില്ലാത്തത് നിലവിലെ ഡിസ്പാച്ചര്‍മാരില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നു. 

അടിയന്തരാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്ന കോളുകള്‍ക്ക് ഉത്തരം നല്‍കുക എന്നതാണ് ഡിസ്പാച്ചര്‍മാരുടെ ജോലി. സഹായം ആവശ്യമുള്ളവരില്‍ നിന്നും ഓപ്പറേറ്റര്‍മാര്‍ വിശദാശംശങ്ങള്‍ ശേഖരിക്കുകയും തുടര്‍ന്ന് സമയബന്ധിതമായി ഉദ്യോഗസ്ഥരെ അവിടേക്ക് അയക്കുകയും ചെയ്യുന്നു. ബാക്ക് അപ്പുകളും ഡിസ്പ്പാച്ചര്‍മാര്‍ നടത്താറുണ്ടെന്ന് CUPE  ലോക്കല്‍ 104 പ്രസിഡന്റ് കാത്‌ലീന്‍ ഹിപ്പെന്‍ പറയുന്നു. എന്നാല്‍ കോളുകളുടെ എണ്ണം കൂടുന്നതോടെ ഡിസ്പ്പാച്ചര്‍മാരുടെ ജോലിയില്‍ സമ്മര്‍ദ്ദമേറുന്നു. കോളുകളോട് യഥാസമയം പ്രതികരിക്കാന്‍ കഴിയാതെ വരികയും പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ഹിപ്പെന്‍ വ്യക്തമാക്കി. 

സ്റ്റാഫുകളുടെ കുറവാണ് പ്രതിസന്ധിക്ക് കാരണമാകുന്നത്. കോളുകള്‍ കൂടുമ്പോള്‍ സാധാരണയേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടി വരികയും ആളുകള്‍ക്ക് കാത്തിരിപ്പ് സമയം കൂടിവരികയും ചെയ്യുന്നു. ഇത് ആളുകള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജോലി സമ്മര്‍ദ്ദം ഏറുമ്പോള്‍ നിലവിലെ ഡിസ്പാച്ചര്‍മാര്‍ രാജിവെച്ചൊഴിയൊന്നു. ഇത് സേവനത്തിലിരിക്കുന്നവര്‍ക്ക് വീണ്ടും കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നു. ഇതിനൊരു പരിഹാരമാണ് കാണേണ്ടതെന്ന് ഹിപ്പെന്‍ അഭിപ്രായപ്പെട്ടു. 

പ്രതിസന്ധിക്ക് പരിഹാരമെന്ന നിലയില്‍ റിക്രൂട്ടിംഗ് വര്‍ധിപ്പിക്കുകയും അതുവഴി നിലവിലെ ജീവനക്കാര്‍ക്ക് ജോലി എളുപ്പമാക്കുകയും ചെയ്യേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.