വളരെ വേഗത്തില്‍ വ്യാപിക്കുന്ന ക്രാക്കെന്‍ എന്നറിയപ്പെടുന്ന ഒമിക്രോണ്‍ സബ്‌വേരിയന്റ് XBB.1.5 കേസുകള്‍ കാനഡയില്‍ പ്രതിദിനം വര്‍ധിക്കുന്നതായി ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ തെരേസ ടാം. യുഎസ് അതിര്‍ത്തിയില്‍ XBB.1.5 കേസുകള്‍ കുതിച്ചുയരുന്നതായും ഇത് അടുത്ത സ്‌ട്രെയിനായി മാറിയേക്കാമെന്നും ടാം മുന്നറിയിപ്പ് നല്‍കി. 2022 ഡിസംബര്‍ 25 മുതല്‍ ജനുവരി 2 വരെയുള്ള ആഴ്ചയില്‍ കാനഡയില്‍ 25 ശതമാനം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ XBB.1.5 കേസുകള്‍ ഏഴ് ശതമാനമാണ് വര്‍ധിച്ചതെന്ന് ടാം വ്യക്തമാക്കി.
അതേസമയം, ക്രാക്കെന്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധത്തിനായി ജനങ്ങള്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കുന്നത് തുടരണമെന്ന് ആരോഗ്യമന്ത്രി ജീന്‍ യെവ്‌സ് ഡുക്ലോസ് നിര്‍ദ്ദേശിച്ചു. ഇന്‍ഫ്‌ളുവന്‍സ, ആര്‍എസ്‌വി കേസുകള്‍ താരതമ്യേന കുറഞ്ഞതായും എന്നാല്‍ കോവിഡ് കോസുകള്‍ രാജ്യത്ത് ഉയര്‍ന്ന് വരുന്നത് അണുബാധകളുടെ തീവ്രത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.