ലോ കോസ്റ്റ് എയര്‍ലൈനുകള്‍ കാനഡയില്‍ പൈലറ്റ് ക്ഷാമം രൂക്ഷമാക്കുന്നു: വിദഗ്ധര്‍

By: 600002 On: Jan 20, 2023, 11:26 AM


കനേഡിയന്‍ വ്യോമയാന രംഗത്ത് പുതിയ വിപ്ലവം തീര്‍ക്കുകയാണ് ലോ കോസ്റ്റ് എയര്‍ലൈനുകള്‍. ഈയടുത്ത കാലത്തായി നിരക്ക് കുറവും, മികച്ച സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് നിരവധി ലോ കോസ്റ്റ് എയര്‍ലൈന്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം എയര്‍ലൈനുകള്‍ ജനപ്രിയമാകുമെങ്കിലും രാജ്യത്ത് നിലവിലുള്ള പൈലറ്റ് ക്ഷാമം രൂക്ഷമാക്കുകയാണ് ചെയ്യുന്നതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഇത് വരും വര്‍ഷങ്ങളില്‍ കനേഡിയന്‍ വ്യോമയാന വ്യവസായത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നും ഇവര്‍ പറയുന്നു. 

ഫ്‌ളെയര്‍ എയര്‍ലൈന്‍സ്, ലിങ്ക്‌സ്, വെസ്റ്റ് ജെറ്റ് സ്ബസിഡിയറി സ്വൂപ്പ് തുടങ്ങി നിരവധി ലോ കോസ്റ്റ് എയര്‍ലൈനുകളുണ്ട്. ഇവ പാന്‍ഡെമിക്കിന് ശേഷം അതിവേഗം രാജ്യത്തുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഓരോന്നും വ്യത്യസ്തമായാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കുറഞ്ഞ നിരക്കിലുള്ള സേവനമാണ് ഈ എയര്‍ലൈനുകളുടെ അടിസ്ഥാനം. യാത്രക്കാര്‍ക്ക് സ്ട്രിപ്പ്-ഡൗണ്‍ സേവനം ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍, ചെക്ക് ചെയ്ത ബാഗുകള്‍, ലഘുഭക്ഷണ പാനീയങ്ങള്‍, ക്യാന്‍സലേഷന്‍ പ്രൊട്ടക്ഷന്‍ എന്നിവയ്‌ക്കെല്ലാം പ്രത്യേകമായി പണമടയ്‌ക്കേണ്ടതുണ്ട്. 

പുതിയ ഫ്‌ളൈറ്റുകളുടെയും റൂട്ടുകളുടെയും ദ്രുതഗതിയിലുള്ള വ്യാപനം പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള വ്യോമയാന തൊഴില്‍ വിപണിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. വിദഗ്ധ പരിശീലനം ലഭിച്ച പൈലറ്റുമാരെ ലഭിക്കുക എന്നത് പ്രയാസമേറിയതാണ്. അപ്പോള്‍ നിലവിലുള്ള പൈലറ്റുമാര്‍ കൂടുതല്‍ വേതനം വാഗ്ദാനം ചെയ്യുന്ന ലോ കോസ്റ്റ് എയര്‍ലൈനുകളിലേക്ക് ചുവടുമാറുമ്പോള്‍ മറ്റ് എയര്‍ലൈനുകളില്‍ വിദഗ്ധ പൈലറ്റുമാരെ ലഭിക്കാതെ വരുന്നു.