കാനഡയിലെ വാടകനിരക്കിന്റെ കാര്യത്തില്‍ വാന്‍കുവര്‍ ഏറ്റവും ചെലവേറിയ നഗരമായി തുടരുന്നുവെന്ന് റെന്റല്‍ പ്ലാറ്റ്ഫോമായ സംപെര്(Zumper). നഗരത്തിലെ വണ്‍ ബെഡ്റൂം വാടക പ്രതിമാസം 0.4 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ജനുവരി വരെ 2,480 ഡോളറാണ് നിരക്ക്. ടു ബെഡ് റൂം വാടക 3,500 ഡോളറില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
വണ്‍ ബെഡ്റൂം വാടക നിരക്ക് പ്രതിമാസം 1.8 ശതമാനം വര്‍ധിച്ച് 2.300 ഡോളറിലെത്തിയ ടൊറന്റോയാണ് രണ്ടാമത്തെ ഏറ്റവും ചെലവേറിയ നഗരം. അതേസമയം, ടു ബെഡ്റൂം വാടക ശരാശരി 3.9 ശതമാനം വര്‍ധിച്ച് 2,950 ഡോളറിലെത്തി. ബീസിയിലെ ബെണബി, വിക്ടോറിയ, കെലോന എന്നീ നഗരങ്ങളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.
രാജ്യത്തെ 23 നഗരങ്ങളിലാണ് പഠനം നടത്തിയത്. മൊത്തത്തില്‍ ജനുവരിയില്‍ 10 നഗരങ്ങളില്‍ വാടക വില വര്‍ധിച്ചു. ഏഴ് വിപണികള്‍ താഴേക്ക് പോയി. എഡ്മന്റണിലാണ് ഏറ്റവും വലിയ വര്‍ധനവ് ഉണ്ടായത്, അഞ്ച് ശതമാനം.