നിര്‍മാണ തൊഴിലാളികളുടെ കുറവ് കാല്‍ഗറിയിലെ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കും: റിപ്പോര്‍ട്ട് 

By: 600002 On: Jan 20, 2023, 10:09 AM

വിദഗ്ധ നിര്‍മാണ തൊഴിലാളികളുടെ കുറവ് കാല്‍ഗറിയില്‍ ആശങ്കയുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ ജനസംഖ്യ വര്‍ധിക്കുന്നതിനോടൊപ്പം പുതിയ കെട്ടിടങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിക്കുകയും ചെയ്യുകയാണ്. എന്നാല്‍ നിര്‍മാണ മേഖലയില്‍ മതിയായ തൊഴിലാളികളില്ലാത്തത് കെട്ടിട നിര്‍മാണങ്ങള്‍ വേഗത്തില്‍ നടക്കാതെ വരികയും ചിലത് പാതിവഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യേണ്ടി വരുന്ന സ്ഥിതിവിശേഷമുണ്ടാക്കുന്നു. മാത്രവുമല്ല, കാല്‍ഗറിയുടെ സമ്പദ്‌വ്യവസ്ഥയെ തന്നെ സാരമായി ഇത് ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. 

കാല്‍ഗറിയില്‍ ഏകദേശം 4,000 സ്റ്റാഫിംഗ് വേക്കന്‍സികള്‍ ഉണ്ടെന്നാണ് കാല്‍ഗറി കണ്‍സ്ട്രക്ഷന്‍ അസോസിയേഷന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിതരണത്തെയും ഡിമാന്‍ഡിനെയും തൊഴിലാളിക്ഷാമം പ്രധാനമായും ബാധിച്ചതായും അസോസിയേഷന്‍ പറയുന്നു. ഡിമാന്‍ഡുകള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ അതിന് മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ലെന്നതാണ് തൊഴില്‍ക്ഷാമം മൂലമുണ്ടാകുന്ന പ്രതിസന്ധി. ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇത് തീര്‍ച്ചയായും വെല്ലുവിളിയാണെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബില്‍ ബ്ലാക്ക് പറയുന്നു.