പാകിസ്താനുമായി ഇന്ത്യ നല്ല അയല്‍ബന്ധം ആഗ്രഹിക്കുന്നെന്നും എന്നാൽ ഭീകരതയും അക്രമവും ഇല്ലാത്ത അന്തരീക്ഷമാണ് അതിനു വേണ്ടതെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാകില്ല, അതിനാൽത്തന്നെ മുന്‍ നിലപാടുകളില്‍ മാറ്റമില്ലെന്നും പാകിസ്താന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായാണ് അരിന്ദം ബാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയക്കെടുതിയും സാമ്പത്തിക തകർച്ചയും ആഭ്യന്തര സംഘർഷങ്ങളും പാകിസ്ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് സമാധാന അഭ്യർത്ഥന മുന്നോട്ട് വച്ച് ഷഹബാസ് ഷെരീഫ് രംഗത്തെത്തിയത്.