കൊടുംതണുപ്പിലാണ് റഷ്യ. സൈബീരിയയില്‍ കറങ്ങിത്തിരിയുന്ന പോളാര്‍ വോര്‍ട്ടെക്സ് എന്ന ധ്രുവക്കാറ്റാണ് റഷ്യയില്‍ ചൊവ്വ ഗ്രഹത്തിലെ കാലാവസ്ഥയ്ക്ക് സമാനമായ തണുപ്പ് സൃഷ്ടിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഭൂമിയില്‍ ഏറ്റവും കുറഞ്ഞ താപനിലയാണ് പോളാര്‍ വോര്‍ട്ടെക്സ് സൃഷ്ടിച്ചിരിക്കുന്നത്. നഗരങ്ങള്‍ പലതും മഞ്ഞുമൂടി കഴിഞ്ഞിരിക്കുകയാണ്. റഷ്യയില്‍ നിന്നും പോളാര്‍ വോര്‍ട്ടെക്സ് ഫെബ്രുവരിയോടെ കാനഡയിലേക്കെത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്കുന്ന സൂചന. പോളാര്‍ വോര്‍ട്ടെക്സിന്റെ വരവോട് കൂടി ബ്രിട്ടീഷ് കൊളംബിയ, പ്രയറികള്‍, നോര്‍ത്ത് വെസ്റ്റ് ടെറിട്ടറികള്‍, യൂക്കോണ്‍ തുടങ്ങി വടക്കുപടിഞ്ഞാറന്‍ ഒന്റാരിയോ വരെയുള്ള വലിയൊരു പ്രദേശം ഫെബ്രുവരി മാസത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ തണുപ്പ് അനുഭവിക്കുമെന്നാണ് കരുതുന്നതെന്ന് എണ്വോണ്മന്റെ് കാനഡയിലെ ചീഫ് മെറ്റീരിയോളജിസ്റ്റ് ഡേവിഡ് ഫിലിപ്പ് പറയുന്നു.
ജനുവരി 14 ന് സൈബീരിയയിലെ ടോംഗുലാഖിലെ ഒരു കാലാവസ്ഥാ കേന്ദ്രം -62.4 സെഷ്യല്‍സാണ് താപനില രേഖപ്പെടുത്തിയത്. രണ്ട് പതിറ്റാണ്ടിനിടെ റഷ്യയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ശരീരത്തെ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മരവിപ്പിക്കാന്‍ തക്ക ശേഷിയുള്ള തണുപ്പാണ് റഷ്യയില്‍ അനുഭവപ്പെടുന്നത്.
പോളാര്‍ വോര്‍ട്ടെക്സിന്റെ ഭൂരിഭാഗവും വടക്കന്‍ റഷ്യയ്ക്ക് മുകളിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നിരുന്നാലും ജനുവരി അവസാനത്തോടെ അത് ദിശ മാറി നീങ്ങിത്തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഫെബ്രുവരിയില്‍ കാനഡയിലെ ശൈത്യകാല സമയത്ത്, ജെറ്റ് സ്ട്രീമിലെ ഷിഫ്റ്റുകള്‍ പോളാര്‍ വോര്‍ട്ടെക്സ് ചിതറിപ്പോകുന്നതിനും പടിഞ്ഞാറന്‍ കാനഡയില്‍ വീണ്ടും രൂപപ്പെടുന്നതിനും കാരണമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ദി വെതര്‍ നെറ്റ്വര്‍ക്ക് അനുസരിച്ച് പടിഞ്ഞാറന്‍ കാനഡയിലും പ്രയറികളിലും തണുത്ത കാലാവസ്ഥ ഉടന്‍ പ്രതീക്ഷിക്കാം. ഈ ശൈത്യകാലത്ത് ഇതുവരെ ഹാലിഫാക്സില്‍ ശരാശരി 1.5 സെഷ്യല്‍സ് താപനില രേഖപ്പെടുത്തിയതായി എണ്‍വയോണ്‍മെന്റ് കാനഡ വ്യക്തമാക്കുന്നു.