എഡ്മന്റണ്‍ ട്രാന്‍സിറ്റ് ബസ് ഡ്രൈവര്‍ക്കു നേരെ തോക്കുചൂണ്ടി ഭീഷണി 

By: 600002 On: Jan 19, 2023, 9:15 AM

എഡ്മന്റണില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ട്രാന്‍സിറ്റ് ബസ് ഡ്രൈവര്‍മാര്‍ക്ക് നേരെ അജ്ഞാതര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം എഡ്മന്റണ്‍ ട്രാന്‍സിറ്റ് സര്‍വീസ് ഓപ്പറേറ്റര്‍മാരുടെ യൂണിയന്‍ സ്ഥിരീകരിച്ചു. ട്രാന്‍സിറ്റ് നെറ്റ്‌വര്‍ക്കിലെ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് ഈ സംഭവങ്ങളെന്ന് യൂണിയന്‍ വക്താവ് സ്റ്റീവ് ബ്രാഡ്ഷാ പറഞ്ഞു. ബസിലുണ്ടായ ചെറിയൊരു തര്‍ക്കത്തിനൊടുവിലാണ് യാത്രക്കാരന്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നാണ് സൂചന. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളൊന്നുമേറ്റിട്ടില്ലെന്ന് ബ്രാഡ്ഷാ വ്യക്തമാക്കി. 

ഇരുസംഭവങ്ങളും തമ്മില്‍ ബന്ധമില്ലെന്നാണ് കരുതുന്നതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് തനിക്ക് ലഭിക്കുന്ന വിവരമെന്നും ബ്രാഡ്ഷാ പറഞ്ഞു. സംഭവം ഡ്രൈവര്‍മാരില്‍ ഞെട്ടലുളവാക്കി. മാനസികമായി പിരിമുറുക്കം അനുഭവപ്പെട്ട ഡ്രൈവര്‍മാര്‍ റിക്കവര്‍ ആകുന്നുണ്ടെന്നും അവര്‍ക്ക് മുഴുവന്‍ പിന്തുണയും യൂണിയന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ട്രാന്‍സിറ്റ് ഡ്രൈവര്‍മാരുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കായി 35 പുതിയ ട്രാന്‍സിറ്റ് പീസ് ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള ധനസഹായം സിറ്റി അംഗീകരിച്ചതിന് പിന്നാലെയാണ് ട്രാന്‍സിറ്റ് ബസിലുണ്ടായ നാടകീയ സംഭവങ്ങള്‍. അതേസമയം, ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും ദീര്‍ഘ നാളുകളെടുക്കുമെന്ന് ബ്രാഡ്ഷാ വിമര്‍ശിക്കുന്നു. ഇവരെ എത്രയും പെട്ടെന്ന് നിയമിക്കണമെന്നാണ് യൂണിയന്റെ ആവശ്യം.