ആല്‍ബെര്‍ട്ട അഫോര്‍ഡബിളിറ്റി പേയ്‌മെന്റ് പ്രോഗ്രാമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമം: സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി 

By: 600002 On: Jan 19, 2023, 8:43 AM

ആല്‍ബെര്‍ട്ടയില്‍ അഫോര്‍ഡബിളിറ്റി പേയ്‌മെന്റ് പ്രോഗ്രാമിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് നടത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രവിശ്യയിലെ വയോജനങ്ങള്‍ക്കും 18 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കള്‍ക്കും ലഭിക്കുന്ന പ്രതിമാസ സഹായ പേയ്‌മെന്റുകള്‍ക്കായി അപേക്ഷകള്‍ കഴിഞ്ഞ ദിവസം സ്വീകരിച്ച് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രോഗ്രാമിന്റെ പേരില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം. ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമായത്. ഇതിന് മുമ്പും ശേഷവും പ്രോഗ്രാമിന്റേതെന്ന പേരില്‍ ഫോണില്‍ സന്ദേശങ്ങള്‍ ലഭിച്ചതായി ജനങ്ങള്‍ പറയുന്നു. 

ഓട്ടോമാറ്റിക് ബാങ്ക് ഡെപ്പോസിറ്റിന് രജിസ്റ്റര്‍ ചെയ്യുന്നതിനായി 'മൈ ആല്‍ബെര്‍ട്ട'യില്‍ നിന്നും അയക്കുന്ന ടെക്‌സ്റ്റ് മെസ്സേജ് എന്ന രീതിയിലായിരുന്നു സന്ദേശം വന്നത്. പ്രോഗ്രാമിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ക്കായി സന്ദര്‍ശിക്കാന്‍ വെബ്‌സൈറ്റിലേക്കുള്ള ഒരു ലിങ്കും നല്‍കിയിട്ടുണ്ട്. 

സൈറ്റില്‍ കയറിയാല്‍ ബാങ്കിംഗ് വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയതിന് പിന്നാലെ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്. 

സംഭവത്തില്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നതായി അധികൃതര്‍ അറിയിച്ചു. ടെക്സ്റ്റ് മുഖേന പ്രോഗ്രാമിനെക്കുറിച്ചുള്ള യായൊന്നും ജനങ്ങള്‍ക്ക് കൈമാറുകയില്ലെന്നും ആരെങ്കിലും സന്ദേശങ്ങളിലൂടെ സ്വകാര്യ, ബാങ്കിംഗ് വിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ ശ്രമിക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.