ഓപ്പറേഷന്‍ ഓവര്‍ലോഡിന്‍റെ ഭാഗമായി വിജിലന്‍സ് നടത്തിയ പരിശോധനയില്‍ തെളളകത്തെ എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ ഓഫിസിലെ മൂന്ന് ജീവനക്കാര്‍ പ്രതിമാസം മൂന്നു ലക്ഷം രൂപ വരെ കൈക്കൂലിയായി വാങ്ങുന്നതിന്‍റെ തെളിവ് ലഭിച്ചു. ഇതേത്തുടർന്ന് അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഷാജന്‍,അജിത് ശിവന്‍,അനില്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. എംസി റോഡിലെ ടിപ്പര്‍ ലോറികളുടെ നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതിനായിരുന്നു കൈക്കൂലി. അതേസമയം, അമിത ഭാരം കയറ്റിയും നികുതി വെട്ടിച്ചും ചരക്കുകൾ കടത്തിയ വാഹനങ്ങൾക്കെതിരെയും വിജിലൻസ് നടപടി സ്വീകരിച്ചു. അമിത ഭാരം കയറ്റി വന്ന 240 വാഹനങ്ങളും, മൈനിങ് ആൻഡ് ജിയോളജി പാസ്സിലാത്ത 104 വാഹനങ്ങളും, ജി എസ് ടി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങളും വിജിലൻസ് പിടികൂടി. വിവിധ ജില്ലകളിലായി 70 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.