പത്ത് സംസ്ഥാനങ്ങളിലേക്ക് ഈ വർഷം നടക്കാൻ പോകുന്ന പോരാട്ടങ്ങളുടെ മുന്നോടിയായി വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ . ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയിലും നാഗാലാന്റിലും ലക്ഷദ്വീപിലും തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മാര്‍ച്ച് 2 ന് നടക്കും. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനത്തെ തുടർന്ന് നാലിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയതായി ഇലക്ഷൻ കമ്മീഷൻ വാര്‍ത്താ സമ്മേളനത്തിൽ അറിയിച്ചു. പോളിങ് സ്റ്റേഷനുകളിൽ വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടർ ഐഡി കാർഡ് ഉൾപ്പെടെയുള്ള 12 തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ജനങ്ങൾക്ക് വോട്ട് ചെയ്യാം. വ്യാജ വീഡിയോകൾ തടയാൻ പോളിങ് ബൂത്തിന് അകത്തും ബൂത്ത് നമ്പർ അടക്കമുളളവ രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ദ്ദേശിച്ചു.