കാനഡയിലെ കോവിഡ് ബാധിതരില്‍ 50 ശതമാനം പേരും ദീര്‍ഘകാല രോഗലക്ഷണങ്ങള്‍ അനുഭവിക്കുന്നു: പഠനം 

By: 600002 On: Jan 18, 2023, 12:09 PM

കാനഡയില്‍ കോവിഡ് ബാധിച്ചവരില്‍ ഏകദേശം 50 ശതമാനം പേരെയും( 1.4 മില്യണ്‍ ആളുകള്‍) ദീര്‍ഘകാല രോഗലക്ഷണങ്ങള്‍ അലട്ടുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ പഠനം. ഇവരില്‍ വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യതയും പഠനത്തില്‍ മുന്നോട്ടുവെക്കുന്നു. കോവിഡിന്റെ ഈ നീണ്ട രോഗലക്ഷണങ്ങള്‍ ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് പഠനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ മെഡിസന്‍ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. റോണ്‍ ഡാമന്റ് പറയുന്നു. 

കോവിഡ് ബാധിച്ച് ഭേദമായതിന് ശേഷം ആളുകളില്‍ പൊതുവെ കാണുന്ന ലക്ഷണമാണ് ക്ഷീണം. എന്നാല്‍ ശ്വാസതടസ്സം, ചുമ, രുചിയും മണവും നഷ്ടപ്പെടല്‍, പേശീ വേദന, വയറിളക്കം പോലുള്ള ലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ഡാമെന്റ് പറയുന്നു. ചിലയാളുകളില്‍ ഒന്നില്‍ കൂടുതല്‍ കോവിഡ് ബാധിച്ചിട്ടുണ്ടാകാം. ഇതിനു ശേഷം ഇവര്‍ ആരോഗ്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഒന്നില്‍ കൂടുതല്‍ കോവിഡ് ബാധ ഉണ്ടായിട്ടുള്ള ആളുകളില്‍ ലക്ഷണങ്ങള്‍ ചിലപ്പോള്‍ ഗുരുതരമായേക്കാം അല്ലെങ്കില്‍ ഈ ലക്ഷണങ്ങള്‍ മാറാതെ ദീര്‍ഘകാലം തുടര്‍ന്നേക്കാമെന്നും പഠനത്തില്‍ സൂചിപ്പിക്കുന്നു. 

കോവിഡ് ലക്ഷണങ്ങള്‍ തങ്ങളില്‍ ഇപ്പോഴുമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ആളുകളുമുണ്ട്. അവര്‍ക്ക് അവരുടെ ജീവിതരീതി തന്നെ മാറ്റാന്‍ നിര്‍ബന്ധിതരാകുന്നവരാണ്. കോവിഡിന് ശേഷമുള്ള സങ്കീര്‍ണതകള്‍ സമയബന്ധിതമായി ചികിത്സിക്കേണ്ടതാണെന്നും പഠനത്തില്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.