കാല്‍ഗറി ഫൂട്ട്ഹില്‍സ് ഹോസ്പിറ്റല്‍ കഫ്റ്റീരിയയില്‍ എലികളെ കണ്ട സംഭവത്തില്‍ എഎച്ച്എസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: Jan 18, 2023, 11:31 AMകാല്‍ഗറിയിലെ ഫൂട്ട്ഹില്‍സ് ഹോസ്പിറ്റല്‍ കഫ്റ്റീരിയയില്‍ എലികളെ കണ്ടെത്തിയ സംഭവത്തില്‍ ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് അന്വേഷണത്തിന് ഉത്തരവിട്ടു. വെള്ളിയാഴ്ച ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ഒരു രോഗിയെ സന്ദര്‍ശിക്കാനെത്തിയ യുവതിയാണ് കഫ്റ്റീരിയയില്‍ എലികളെ കണ്ടത്. ഉടന്‍ തന്നെ ഇവര്‍ എലികളുടെ ചിത്രങ്ങളെടുക്കുകയും ചെയ്തു. എലികളെ കണ്ടത് സംബന്ധിച്ച് അവിടെയുള്ള ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും ആരും തന്നെ അത് കാര്യമാക്കിയില്ലെന്ന് യുവതി പറയുന്നു.  

ഭക്ഷണം വിതരണം ചെയ്യുന്ന ഇടത്ത് ഗുണനിലവാരം ഉറപ്പാക്കണമെന്നും ഇത്രയും വൃത്തിഹീനമായ സാഹചര്യമുണ്ടാകാതിരിക്കാന്‍ അധികൃതര്‍ നടപടി കൈക്കൊള്ളണമെന്നും യുവതി ആവശ്യപ്പെട്ടു. മറ്റ് റെസ്റ്റോറന്റുകളിലേത് പോലെ ഹോസ്പിറ്റല്‍ കഫ്റ്റീരിയയിലും ആരോഗ്യ പരിശോധന അത്യാവശ്യമാണെന്നും അവര്‍ നിര്‍ദ്ദേശിച്ചു. 

അതേസമയം, ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആല്‍ബെര്‍ട്ട ഹെല്‍ത്ത് സര്‍വീസസ് എലികളെ കണ്ടതായി പരാതി ലഭിച്ചിട്ടില്ലെന്നും ഹോസ്പിറ്റലിലെ പെസ്റ്റ് കണ്‍ട്രോള്‍ കോണ്‍ട്രാക്ടര്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും ആവശ്യമായ നടപടികളും പരിഹാരങ്ങളും കൈക്കൊള്ളുമെന്നും അറിയിച്ചു. ആശുപത്രിയിലെ പെസ്റ്റ് ആക്ടിവിറ്റികളുടെ ഭാഗമായി പതിവ് പരിശോധനകള്‍ നടത്താന്‍ തേഡ് പാര്‍ട്ടി പ്രൊഫഷണല്‍ പെസ്റ്റ് കണ്‍ട്രോള്‍ ഓപ്പറേറ്ററുമായി ഫൂട്ട്ഹില്‍സ് മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എഎച്ച്എസ് അറിയിച്ചു.