ഒന്റാരിയോയില്‍ 'ക്രാക്കെന്‍' കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് 

By: 600002 On: Jan 18, 2023, 10:41 AM

ഒന്റാരിയോയില്‍ പുതിയതും വളരെ പെട്ടെന്ന് വ്യാപിക്കുന്നതുമായ ക്രാക്കെന്‍ എന്നറിയപ്പെടുന്ന ഒമിക്രോണ്‍ സബ്‌വേരിയന്റ് XBB.1.5  കേസുകള്‍ വര്‍ധിക്കുന്നു. XBB.1.5 കേസുകള്‍ യുഎസ് അതിര്‍ത്തിയില്‍ കുതിച്ചുയരുന്നതായും ഇത് അടുത്ത പ്രബലമായ കോവിഡ് സ്‌ട്രെയിനായി മാറുമെന്നും സെന്റ്. മൈക്കിള്‍സ് ഹോസ്പിറ്റലിലെ ഇന്റേണിസ്റ്റായ ഡോ. ഫഹദ് റസാഖ് മുന്നറിയിപ്പ് നല്‍കി. ക്രാക്കെന്‍ കേസുകളുടെ വര്‍ധനവ് തടയാന്‍ ഊര്‍ജിതമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്നുും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

ഒന്റാരിയോയിലും രാജ്യത്തുടനീളവും ക്രാക്കെന്‍ കേസുകള്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ക്രമാതീതമായി വര്‍ധിക്കാന്‍ സാധ്യത കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒന്റാരിയോയില്‍ ഈയാഴ്ച അവസാനത്തോടെ 22.2 ശതമാനം കോവിഡ് കേസുകള്‍ക്കും കാരണം XBB.1.5  സബ്‌വേരിയന്റായിരിക്കുമെന്ന് പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോയില്‍ നിന്നുള്ള കോവിഡ് ജീനോമിക് സര്‍വലൈന്‍സ് റിപ്പോര്‍ട്ട് പറയുന്നു. ആഴ്ചകള്‍ക്ക് മുമ്പ് ക്രാക്കെന്‍ സബ്‌വേരിയന്റിന്റേതായിരുന്ന 0.7 ശതമാനം മാത്രമായിരുന്ന കേസുകളില്‍ നിന്നും കുത്തനെയുള്ള വര്‍ധനവാണ് പ്രവിശ്യയില്‍ പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.