ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഫെസ്റ്റിവല്‍ പ്രോഗ്രാമിംഗ് സീനിയര്‍ മാനേജര്‍ രവി ശ്രീനിവാസന്‍(37) അന്തരിച്ചു. മികച്ച പ്രോഗ്രാമര്‍, ചലച്ചിത്ര നിര്‍മാതാക്കള്‍ക്കിടയില്‍ മികവ് തെളിയിച്ചയാള്‍, സ്വന്തം നാടായ സര്‍നിയയില്‍ നടത്തുന്ന ഫിലിം ഫെസ്റ്റിവലിന്റെ സംവിധായകന്‍ എന്നീ നിലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചയാളാണ് രവി ശ്രീനിവാസനെന്ന് ടിഫ് ചീഫ് എക്‌സിക്യുട്ടീവ് കാമറൂണ്‍ ബെയ്‌ലി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് പറഞ്ഞു. സിനിമാ, സാംസ്‌കാരിക മേഖലയിലുള്ള നിരവധി പേര്‍ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
2013 ലാണ് ടിഫിന്റെ പ്രോഗ്രാമിംഗ് ടീമില്‍ രവി ശ്രീനിവാസന്‍ ചേരുന്നത്. ദക്ഷിണേഷ്യ, ഫിലിപ്പീന്‍സ്, കാനഡ എന്നിവടങ്ങളില്‍ നിന്നുള്ള ഫീച്ചര്‍ ഫിലിമുകളിലായിരുന്നു അദ്ദേഹം കുറച്ചുനാളുകളായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഹോട്ട് ഡോക്‌സിലെ അന്താരാഷ്ട്ര പ്രോഗ്രാമര്‍, സൗത്ത് വെസ്‌റ്റേണ്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ(SWIFF) സ്ഥാപകന്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍, നാഷണല്‍ കനേഡിയന്‍ ഫിലിം ഡോയുടെ സീനിയര്‍ പ്രോഗ്രാമര്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്.
രവി ശ്രീനിവാസനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി GOFundMe രൂപീകരിച്ചിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് 81,000 ഡോളറിലധികം ഇതിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞു.