ആറുപതിറ്റാണ്ടിന് ശേഷം ചൈനയിലെ ജനസംഖ്യയിൽ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തിയതായി നാഷണൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ റിപ്പോർട്ട്. 2022-ൽ ചൈനയിൽ 9.56 ദശലക്ഷം ജനനങ്ങൾ നടന്നപ്പോൾ 10.41 ദശലക്ഷം ആളുകൾ മരണപ്പെട്ടു. യുവാക്കളുടെ എണ്ണത്തിൽ കുറവുവരികയും വൃദ്ധജനസംഖ്യയിൽ ഉയർച്ചയുണ്ടാകുകയും ചെയ്താൽ ഉൽപാദന രംഗത്ത് ചൈന വലിയ പ്രതിസന്ധി നേരിടേണ്ടി വരും എന്നതാണ് പ്രധാന ആശങ്ക. ചൈനയുടെ ജനസംഖ്യയിലെ ഇടിവ് ആഗോള തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 1960-കളുടെ തുടക്കത്തിലാണ് ചൈന അവസാനമായി നെഗറ്റീവ് ജനസംഖ്യാ വളർച്ച രേഖപ്പെടുത്തിയതെന്ന് ചൈനയുടെ വിമർശകനും 'ബിഗ് കൺട്രി വിത്ത് എ എംപ്റ്റി നെസ്റ്റ്' എന്ന പുസ്തകത്തിന്റെ രചയിതാവുമായ യി ഫുസിയാൻ പറഞ്ഞു.