പാകിസ്ഥാന്‍ ഭീകരന്‍ അബ്ദുള്‍ റഹ്‌മാന്‍ മക്കിയ ആഗോള ഭീകരരുടെ പട്ടികയില്‍

By: 600084 On: Jan 17, 2023, 5:09 PM

പി പി ചെറിയാൻ, ഡാളസ്.

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭ പാകിസ്ഥാന്‍ ഭീകരന്‍ അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ജനുവരി 16  തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍  ചേര്‍ന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലാണ്(യുഎന്‍എസ്സി) ഈ സുപ്രധാന തീരുമാനമെടുത്തത്.

മക്കിയെ ഇന്ത്യയും അമേരിക്കയും തീവ്രവാദ പട്ടികയില്‍  നേരത്തെതന്നെ ഉള്‍പ്പെടുത്തിയിരുന്നു. മക്കി ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) തലവനും 26/11 സൂത്രധാരനുമായ ഹാഫിസ് സയീദിന്റെ സഹോദരീഭര്‍ത്താവാണ്, കൂടാതെ തീവ്രവാദ സംഘടനയില്‍ വിവിധ മുതിര്‍ന്ന റോളുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മക്കിയെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഇന്ത്യയുടെ വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ജമ്മു കശ്മീരില്‍ പണം സ്വരൂപിക്കുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും യുവാക്കളെ സമൂലവല്‍ക്കരിക്കാനുള്ള ഒരു ദൗത്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു  ഭീകരനായാണ് മക്കി അറിയപ്പെടുന്നത്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറയുന്നതനുസരിച്ച്, 2020-ല്‍ ഒരു പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതി മക്കിയെ തീവ്രവാദ ഫണ്ടിംഗ് കേസില്‍  തടവിന് ശിക്ഷിച്ചിരുന്നു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ 1267 അല്‍-ഖ്വയ്ദ ഉപരോധ സമിതിയുടെ കീഴില്‍ മക്കിയെ ലിസ്റ്റ് ചെയ്യാനുള്ള ഇന്ത്യയും യുഎസും സംയുക്ത നിര്‍ദ്ദേശം കഴിഞ്ഞ വര്‍ഷം ജൂണില്‍ അവസാന നിമിഷം ചൈന തടഞ്ഞിരുന്നു.എന്നാല്‍  ഇത്തവണ ചൈന അതിനു മുതിര്‍ന്നില്ല.