യുഎസിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ച സംഭവം:  മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേര്‍ക്കെതിരെ ഇന്ത്യയില്‍ കേസെടുത്തു  

By: 600002 On: Jan 17, 2023, 11:13 AM

കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള നാലംഗ കുടുംബം തണുത്ത് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ഇന്ത്യയില്‍ കേസ് ചാര്‍ജ് ചെയ്തു. മനുഷ്യക്കടത്ത് ആരോപിച്ചാണ് ഏജന്റുമാരായ ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുള്ളതായാണ് സംശയം. രണ്ട് പ്രതികളെ ഞായറാഴ്ച അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളെ കാനഡയിലും യുഎസിലുമായി തിരയുന്നുണ്ടെന്ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ ചൈതന്യ മാന്‍ഡ്‌ലിക് പറഞ്ഞു. 

അനധികൃതമായി ഇമിഗ്രേഷന്‍ ഏജന്റുമാരായി പ്രവര്‍ത്തിക്കുക, കുടുംബാംഗങ്ങള്‍ക്ക് പേപ്പര്‍ വര്‍ക്കുകള്‍ നടത്തികൊടുക്കുക, അതിര്‍ത്തി കടന്ന് യുഎസിലേക്ക് കടക്കാന്‍ സഹായിക്കുക, മന:പൂര്‍വ്വമല്ലാത്ത നരഹത്യ, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നതെന്ന് മാന്‍ഡെലിക് പറഞ്ഞു. 

മരണവുമായി ബന്ധപ്പെട്ട ചില രേഖകള്‍ ആവശ്യമാണ്. ഒഫിഷ്യല്‍ ഡെത്ത് സര്‍ട്ടിഫിക്കറ്റുകള്‍, മറ്റ് ചിലലരേഖകള്‍ എന്നിവ തെളിവ് ശേഖരണത്തിന്റെ ഭാഗമായി വേണം.   കൂടുതല്‍ വിവരങ്ങള്‍ക്കായി കനേഡിയന്‍ എംബസ്സിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാനഡയില്‍ ജോലി ചെയ്യുന്ന പ്രതികളെ കൈമാറാനുള്ള നടപടികള്‍ ഉടന്‍ ചെയ്യുമെന്നും മാന്‍ഡ്‌ലിക് വ്യക്തമാക്കി. 

2022 ജനുവരി 19നാണ് 39കാരനായ ജഗദീഷ് ബല്‍ദേവ് ഭായ് പട്ടേലിനെയും കുടുംബത്തെയും മാനിറ്റോബയ്ക്കും അമേരിക്കയ്ക്കും ഇടയിലുള്ള അതിര്‍ത്തിക്കടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടേലിന്റെ ഭാര്യ വൈശാലിബെന്‍, ഇവരുടെ മക്കളായ വിഹാംഗി(11), ധര്‍മിക്(3) എന്നിവരാണ് ദാരുണമായി തണുത്ത് മരവിച്ച് മരിച്ചത്. മൈനസ് 35 ഡിഗ്രി സെഷ്യല്‍സായിരുന്നു താപനില എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് 12 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു മൃതദേഹങ്ങള്‍.