ഒന്റാരിയോയിലെ ആരോഗ്യ പരിപാലന സംവിധാനത്തിലുണ്ടാകുന്ന പ്രതിസന്ധി ശസ്ത്രക്രിയകളെ ബാധിക്കുന്നതിനാല്‍ പ്രധാന സര്‍ജറികള്‍ക്കായി രോഗികള്‍ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയിലാണ്. ഇതിന് പരിഹാരമെന്ന നിലയില്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കാന്‍ ഒരുങ്ങുകയാണ് ഒന്റാരിയോ സര്‍ക്കാര്‍. പ്രവിശ്യയിലെ സര്‍ജിക്കല്‍ ബാക്ക്‌ലോഗ് കുറയ്ക്കുന്നതിനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമായി കമ്മ്യൂണിറ്റി സര്‍ജിക്കല്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍ക്ക് അധിക ശസ്ത്രക്രിയകളും മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങളും ഉള്‍പ്പെടെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കുന്ന മൂന്ന് ഘട്ട പദ്ധതിയാണ് ഒന്റാരിയോ ആരോഗ്യമന്ത്രി സില്‍വിയ ജോണ്‍സ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഒന്റാരിയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനിന്(OHIP) കീഴിലുള്ള രോഗികള്‍ക്ക് ഈ നടപടിക്രമങ്ങളിലെല്ലാം പരിരക്ഷ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു. തിമിര ശസ്ത്രക്രിയകള്‍ക്കായുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിന് കമ്മ്യൂണിറ്റി സര്‍ജിക്കല്‍, ഡയഗ്നോസ്റ്റിക് സെന്ററുകള്‍ക്കായി ഫണ്ട് നല്‍കുന്നതാണ് ആദ്യ പടിയെന്ന് മന്ത്രി വ്യക്തമാക്കി. ഇതിലൂടെ ഓരോ വര്‍ഷവും 14,000 ശസ്ത്രക്രിയകള്‍ കൂടി നടത്താന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അടിയന്തരമല്ലാത്തതും അപകടസാധ്യത കുറഞ്ഞതുമായ നടപടിക്രമങ്ങളുടെ കൂടുതല്‍ വിപുലീകരണമാണ് രണ്ടാമത്തെ ഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. 2024 മുതല്‍ ഇടുപ്പ്, കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ തുടങ്ങിയവ നടത്താന്‍ സ്വകാര്യ ക്ലിനിക്കുകളെ അനുവദിക്കുന്നതാണ് മൂന്നാം ഘട്ടം.