പി പി ചെറിയാൻ, ഡാളസ്.
ഹാരിസ് കൗണ്ടി(ഹൂസ്റ്റണ്‍): ജനുവരി 15 ഞായറാഴ്ച പുലര്‍ച്ച 2 മണിക്ക് നോര്‍ത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിലെ ഒരു ക്ലബിന് മുമ്പില്‍ കൂട്ടം കൂടി നിന്നിരുന്നവര്‍ക്ക് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമി നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി കൗണ്ടി ഡെപ്യൂട്ടി അറിയിച്ചു.
ഗ്രീന്‍വുഡ് ഫോറസ്റ്റ് ലൈനില്‍ സ്ഥിതിചെയ്യുന്ന ക്ലബ്ബിനു മുമ്പില്‍ വെടിവെപ്പു നടക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹാരിസ് കൗണ്ടി ഡെപ്യൂട്ടികള്‍ സ്ഥലത്തെത്തിയത്. ഇതിനിടയില്‍ പലര്‍ക്കും വെടിയേറ്റിരുന്നു. വെടിയേറ്റു നിലത്തു വീണ് കിടന്നിരുന്ന മൂന്നു സ്ത്രീകളെയും രണ്ടു പുരുഷന്മാരേയും ഉടനെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്ന അഞ്ചുപേരില്‍ ഒരാള്‍ ആശുപത്രിയില്‍ വെച്ചു മരണത്തിനു കീഴടങ്ങി.
ഏ.കെ.47 ആണ് വെടിവെപ്പിന് ഉപയോഗിച്ചതെന്നും 50 റൗണ്ട് വെടിയുതിര്‍ത്തതായും പോലീസ് പിന്നീട് പറഞ്ഞു. ഇതു പ്രത്യേക ലക്ഷ്യം വെച്ചുള്ള വെടിവെപ്പായിരുന്നുവെന്നാണ് പ്രാഥമിക തെളിവുകളില്‍ നിന്നും വ്യക്തമാകുന്നതെന്നും പോലീസ് കൂട്ടിചേര്‍ത്തു. ഹോട്ടിലിനു മുമ്പില്‍ എത്തിയ അക്രമി വാഹനത്തില്‍നിന്നും ഇറങ്ങി വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനുശേഷം രക്ഷപ്പെട്ട അക്രമിയെ പിടികൂടാന്‍ പോലീസ് ഊര്‍ജ്ജിത നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഹാരിസ് കൗണ്ടി ഷെരിഫ് ഇഡ് ഗൊണ്‍സാലസ് വൈകീട്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.