ആല്‍ബെര്‍ട്ട സാമ്പത്തികമാന്ദ്യത്തിലാണെന്ന് 80 ശതമാനം പേരും വിശ്വസിക്കുന്നു: പൊള്ളാര സ്ട്രാറ്റജിക് ഇന്‍സൈറ്റ്‌സ് പോള്‍ 

By: 600002 On: Jan 16, 2023, 9:10 AM

ആല്‍ബെര്‍ട്ട സാമ്പത്തിക മാന്ദ്യത്തിലേക്ക് പ്രവേശിച്ചതായി 80 ശതമാനം പേരും വിശ്വസിക്കുന്നതായി പൊള്ളാര സ്ട്രാറ്റജിക് ഇന്‍സൈറ്റ്‌സ് പോള്‍. സമ്പദ് വ്യവസ്ഥയുടെ അവസ്ഥയെക്കുറിച്ച് ജനങ്ങളില്‍ നടത്തിയ സര്‍വേയിലാണ് പ്രവിശ്യ തിരിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രവിശ്യ വളര്‍ച്ചയുടെ കാലഘട്ടത്തിലാണെന്ന് കരുതുന്നവര്‍ 10 ശതമാനം പേരാണെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 

പണപ്പെരുപ്പം മൂലം കാനഡയിലുടനീളം എല്ലത്തിനും വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ മോശമാകുമെന്ന് ജനങ്ങളില്‍ പകുതിയിലധികം പേരും കരുതുന്നു. പ്രതികരിച്ചവരില്‍ 66 ശതമാനം പേരും സമ്പദ്‌വ്യവസ്ഥയില്‍ ആശങ്കയുള്ളതായി പ്രകടിപ്പിച്ചവരാണ്. 54 ശതമാനം പേര്‍ ആഗോള സമ്പദ്‌വ്യവസ്ഥ അടുത്ത വര്‍ഷത്തോടെ മോശമാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ്. 

രാജ്യത്ത് സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേരും(46 ശതമാനം) ഭക്ഷണത്തിന്റെ വില കുതിച്ചുയരുന്നതാണ് തങ്ങളുടെ സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ പ്രധാനകാരണമെന്ന് പറയുന്നു. വീടിന്റെ വില ഉയരുന്നത് 34 ശതമാനം പേര്‍ക്കും ഗ്യാസ് വില വര്‍ധിക്കുന്നത് 30 ശതമാനും പേരിലും ആശങ്കയ്ക്കിടയാക്കുന്നുവെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. 

അതേസമയം, സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് നേര്‍ക്കുനേര്‍ നില്‍ക്കുകയാണ് ആല്‍ബെര്‍ട്ടയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. പ്രവിശ്യയില്‍ താമസിക്കുന്നവര്‍ക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതിന്റെ പിന്നിലെ കാരണം യുസിപി ആണെന്നും സര്‍ക്കാരിന്റെ പരിഷ്‌കരണങ്ങളും നടപടികളുമാണെന്നും എന്‍ഡിപി കുറ്റപ്പെടുത്തുന്നു.