അവധിക്കാലം ആഘോഷിക്കാം ഒപ്പം സാമൂഹ്യ സേവനവും ചെയ്യാം: നോട്ട് ജസ്റ്റ് എ ടൂറിസ്റ്റിനൊപ്പം ചേരൂ 

By: 600002 On: Jan 16, 2023, 7:58 AM


അവധിക്കാലത്ത് വിനോദയാത്രയ്ക്ക് പുറപ്പെടുന്നവരെ സന്നദ്ധപ്രവര്‍ത്തനത്തിനായി പ്രോത്സാഹിപ്പിക്കുകയാണ് കാനഡയിലെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നോട്ട് ജസ്റ്റ് എ ടൂറിസ്റ്റ് എന്ന സന്നദ്ധ സംഘടന. സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും ആഘോഷിക്കാനുമായെത്തുന്ന വിനോദസഞ്ചാരികളോട് അവരുടെ ലഗ്ഗേജുകളില്‍ അത്യാവശ്യക്കാര്‍ക്ക് മെഡിക്കല്‍ സാധനങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കുന്നു. ബാന്‍ഡേജുകള്‍, ഐവി, സിറിഞ്ചുകള്‍, മാസ്‌കുകള്‍ തുടങ്ങി സ്യൂട്ട്‌കേസുകളില്‍ നിറയ്ക്കാന്‍ കഴിയുന്ന എന്തും അത്യാവശ്യക്കാര്‍ക്കായി നല്‍കാന്‍ സഹായിക്കാമെന്ന് സംഘടനയുടെ ടൊറന്റോ ചാപ്റ്റര്‍ സ്ഥാപകനായ അവി ഡിസൂസ പറയുന്നു. 

സഞ്ചാരികള്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ ശേഖരിക്കുന്നു. പിന്നീട് ഇത് അത്യാവശ്യക്കാര്‍ക്ക് നല്‍കുന്നു. സാധനങ്ങള്‍ കൂടുതലായും സംഭാവനയായി നല്‍കുന്നത് ആശുപത്രികളിലും ഹോം കെയര്‍ ഫെസിലിറ്റികളിലുമാണ്. 

ടൊറന്റോ ചാപ്റ്ററിന് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് നെറ്റ്‌വര്‍ക്കുമായി പങ്കാളിത്തമുണ്ട്. ഇതിലൂടെ കെട്ടിക്കിടക്കുന്നതും പാഴായിപ്പോകാന്‍ ഇടയുള്ളതുമായ സാധനങ്ങള്‍ സംഘടന ശേഖരിക്കുന്നു. സംഭാവന നല്‍കാന്‍ ആഗ്രഹമുള്ള യാത്രക്കാര്‍ക്ക് കസ്റ്റംസിനായി പൂരിപ്പിച്ച ഫോമിനൊപ്പം സ്ഥാപനത്തില്‍ നിന്ന് സ്യൂട്ട്‌കേസ് നല്‍കുന്നു. ഈ ലഗ്ഗേജുകള്‍ വിദേശത്തുള്ള നോട്ട് ജസ്റ്റ് ടൂറിസ്റ്റ് തെരഞ്ഞെടുത്ത ആശുപത്രികളിലോ ക്ലിനിക്കിലോ എത്തിക്കുന്നു. സപ്ലൈ ആവശ്യമുള്ളിടത്ത് സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സംഘടന ഉറപ്പുവരുത്തുകയും ചെയ്യുന്നു.