ചരിത്രം തിരുത്തി കരസേന ദിനാഘോഷം; ആശംസകളുമായി പ്രധാനമന്ത്രിയും കരസേനാ മേധാവിയും

By: 600021 On: Jan 15, 2023, 7:33 PM

സ്വാതന്ത്ര്യത്തിൻ്റെ  എഴുപത്തിയഞ്ചാം വാർഷികത്തിൽ  കരസേനാദിനം രാജ്യതലസ്ഥാനത്തിനു  പുറത്ത് ആഘോഷിച്ച്  ചരിത്രം തിരുത്തി ഇന്ത്യൻ സൈന്യം. കരസേനയുടെ വിവിധ റെജിമെന്റുകൾ അണിനിരന്ന ഗംഭീരപ്രകടനങ്ങൾ ബംഗളുരു മദ്രാസ് എഞ്ചിനീയേഴ്സ് ഗ്രൂപ്പിൻ്റെ  പരേഡ് ഗ്രൗണ്ടിൽ അരങ്ങേറി. അശ്വാരൂഡസേനയുൾപ്പടെ എട്ട് സേനാ വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. അഞ്ച് റെജിമെന്റുകളുടെ മിലിട്ടറി ബാൻഡ് പരേഡിൽ അരങ്ങേറി.  അതേസമയം, രാജ്യസുരക്ഷയില്‍ ഇന്ത്യൻ കരസേനയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണെന്നും രാജ്യത്തിന്‍റെ കരുത്തുറ്റ സേനബലം ഓരോ ഇന്ത്യക്കാരനും അഭിമാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജമ്മു കശ്മീരിൽ സമാധാനം പുലരാതിരിക്കാൻ ശ്രമിക്കുന്ന ചില ദുഷ്‌ട ശക്തികളുണ്ടെന്നും  ഇന്ത്യൻ സൈന്യം അത്തരം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണെന്നും കരസേനമേധാവി ജനറൽ മനോജ്‌ പാണ്ഡെ  പറഞ്ഞു. 1949-ൽ ബ്രിട്ടീഷ് കമാൻഡർ ജനറൽ സർ ഫ്രാൻസിസ് റോബർട്ട് റോയ് ബുച്ചറിൽ നിന്ന് ഫീൽഡ് മാർഷൽ കെ എം കരിയപ്പ ചുമതല ഏറ്റെടുത്ത ദിനമാണ് കരസേനാ ദിനമായി ആഘോഷിക്കുന്നത്.