2022 ഡിസംബർ 8 നും ജനുവരി 12 നും ഇടയിൽ ചൈനയിൽ 59,938 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ജിയാവോ യാഹുയി. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്. കൊറോണ വൈറസിനാൽ ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങൾ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഉൾപ്പെട്ടതാണ് കണക്ക്. ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നെന്നും കൃത്യമായ സംഖ്യ ഒളിക്കേണ്ട ആവശ്യമില്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. വൈറസ് മൂലമുണ്ടാകുന്ന ശ്വാസ തടസ്സം കാരണം മരിക്കുന്നവരെ മാത്രമേ കണക്കിൽ പെടുത്തൂ എന്ന ചൈനയുടെ നിലപാടിനെയും ലോകാരോഗ്യ സംഘടന വിമർശിച്ചിരുന്നു.മരിച്ചവരിൽ 90 ശതമാനത്തിലധികം പേരും 65 വയസ്സിനു മുകളിലുള്ളവരാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.