ആഗോളതലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില 20 ശതമാനം കുറച്ച് ടെസ്‌ല

By: 600002 On: Jan 14, 2023, 11:38 AM

2022 ലെ വാള്‍സ്ട്രീറ്റ് ഡെലിവറി എസ്റ്റിമേറ്റ് നഷ്ടമായതിന് ശേഷം ആഗോളതലത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില 20 ശതമാനം കുറച്ച് ടെസ്‌ല. കഴിഞ്ഞ രണ്ട് വര്‍ഷമായി പുതിയ വാഹന ഓര്‍ഡറുകള്‍ സപ്ലൈയേക്കാള്‍ കൂടുതലായപ്പോഴാണ് കമ്പനി ഈ നീക്കം നടത്തിയിരിക്കുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതയും ഉയര്‍ന്ന പലിശ നിരക്കും ലാഭത്തിന്റെ ചെലവില്‍ വളര്‍ച്ച നിലനിര്‍ത്താന്‍ വില കുറയ്ക്കുന്നത് സഹായിക്കുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് വില കുറച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നത്. 

എതിരാളികളായ കമ്പനികളെ വെല്ലുവിളിച്ചുകൊണ്ടാണ് ടെസ്ല  ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറച്ചിരിക്കുന്നത്. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലും ടെസ്‌ല വില കുറച്ചു. കഴിഞ്ഞയാഴ്ച ഏഷ്യയില്‍ തുടര്‍ച്ചയായി വില കുറച്ചിരുന്നു. 

താങ്ങാനാകുന്ന വിലയില്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ ആളുകളെ സഹായിക്കുന്നതിന് ഈ വിലക്കിഴിവ് പ്രയോജനം ചെയ്യുമെന്നാണ് കമ്പനി വൃത്തങ്ങള്‍ പ്രതീക്ഷിക്കുന്നത്. യുഎസ്, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളില്‍ ഫെഡറല്‍ ടാക്‌സ് ക്രെഡിറ്റുകള്‍ പ്രയോജനപ്പെടുത്തി ഇലക്ട്രിക് കാറുകള്‍ വാങ്ങാന്‍ സഹായകമാകുമെന്ന് അധികൃതര്‍ പറയുന്നു.