കാനഡയില്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ കുറയുന്നതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ(PHAC) ഫ്‌ളുവാച്ച് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യ ആഴ്ചയില്‍ 38 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് ഫ്‌ളൂ സീസണ്‍ ഔദ്യോഗികമായി അവസാനിക്കുകയാണെന്ന് ഫ്‌ളൂ വാച്ച് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ജനുവരി 1 മുതല്‍ 7 വരെയുള്ള ആഴ്ചയില്‍ 1,721 ഇന്‍ഫ്‌ളുവന്‍സ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ കേസുകളില്‍ ഭൂരിഭാഗവും( 77 ശതമാനം) H3N2 എന്നറിയപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ എ വൈറസ് മൂലമാണ്. ബാക്കിയുള്ള 23 ശതമാനവും H1N1 എന്നറിയപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ എ സ്‌ട്രെയിന്‍ ആയിരുന്നു. ഫ്‌ളൂ സീസന്റെ ഏറ്റവും ഉയര്‍ന്ന സമയമായ നവംബര്‍ 20 മുതല്‍ നവംബര്‍ വരെ 8,242 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് പിഎച്ച്എസി പറയുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നതായി പിഎച്ച്എസി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പീഡിയാട്രിക് ഹോസ്പിറ്റലുകളില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ജനുവരി 1 മുതല്‍ 7 വരെയുള്ള ആഴ്ചയില്‍ 30 പേരെ മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പിഎച്ച്എസി പറയുന്നു.