മോണ്‍ട്രിയല്‍ പോലീസില്‍ നിന്നും രാജി വെക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം റെക്കോര്‍ഡ് തലത്തില്‍: റിപ്പോര്‍ട്ട് 

By: 600002 On: Jan 14, 2023, 10:02 AM


മോണ്‍ട്രിയല്‍ പോലീസ്(SPVM) സര്‍വീസില്‍ നിന്നും രാജിവെച്ച് ഒഴിയുന്നവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്. അമിത ജോലി, ശാരീരിക, മാനസിക സമ്മര്‍ദ്ദങ്ങള്‍, കുറഞ്ഞ ശമ്പളം തുടങ്ങിയ കാരണങ്ങളാണ് ജോലിയില്‍ നിന്നും പിന്തിരിയാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതെന്ന് യൂണിയന്‍ മേധാവി യെവ്‌സ് ഫ്രാങ്കോയര്‍ പറയുന്നു. 2017 നും 2021 നും ഇടയില്‍ എംപ്ലോയീ അസിസ്റ്റന്‍സ് പ്രോഗ്രാമിലേക്ക് പ്രവേശിക്കുന്നവരില്‍ 56 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ജോലിക്കിടെ മതിയായ വിശ്രമം പോലും ഉേേദ്യാഗസ്ഥര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ജോലി ആരോഗ്യത്തെ ബാധിക്കുകയും തുടര്‍ന്ന് കാര്യക്ഷമമായി ജോലി ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന സാഹചര്യത്തില്‍ രാജി വെച്ചൊഴിയുകയാണ് പല ഉദ്യോഗസ്ഥരും ചെയ്യുന്നതെന്ന് ഫ്രാങ്കോയെര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 74 ഉദ്യോഗസ്ഥര്‍ രാജി വെച്ചതായും 2021 ജനുവരിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 45 ഉദ്യോഗസ്ഥര്‍ കുറവായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വേതനം, രാജി വെച്ചു പോകുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കഠിനമായ ജോലി ചെയ്താലും ശമ്പളം കുറവാണ്. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് 42,000 ഡോളറാണ് പ്രാരംഭ ശമ്പളം വാഗ്ദാനം ചെയ്യുന്നത്. ഇത് പ്രധാന കനേഡിയന്‍ നഗരങ്ങളിലെ ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളമാണ്.