കൃത്യനിഷ്ഠ പാലിക്കുന്ന എയര്‍ലൈനുകള്‍: പട്ടിക പുറത്തുവിട്ട് ഓഗ് 

By: 600002 On: Jan 14, 2023, 9:15 AM

 

ലോകത്തിലെ ഏറ്റവും കൃത്യനിഷ്ഠ പാലിക്കുന്ന എയര്‍ലൈനുകളുടെയും വിമാനത്താവളങ്ങളുടെയും 2022 ലെ പട്ടിക പുറത്തിറക്കി ഗ്ലോബല്‍ എയര്‍ ഇന്‍ഡസ്ട്രി ഡാറ്റ ട്രാക്കിംഗ് കമ്പനിയായ ഓഗ്(OAG).  ഓഗിന്റെ പംങ്ക്ച്വാലിറ്റി ലീഗ് 2023 റിപ്പോര്‍ട്ടില്‍ നോര്‍ത്ത് അമേരിക്കയില്‍ നിന്നും യുഎസിലെ വിമാനങ്ങള്‍ സ്ഥാനം പിടിച്ചപ്പോള്‍ കനേഡിയന്‍ എയര്‍ലൈനുകള്‍ ഒന്നും തന്നെ ആദ്യ സ്ഥാനങ്ങളില്‍ എത്തിയില്ല. അമേരിക്കയുടെ ഡെല്‍റ്റ എയര്‍ലൈന്‍സാണ് നോര്‍ത്ത് അമേരിക്കന്‍ റാങ്കിംഗില്‍ ഒന്നാമതെത്തിയത്. അലാസ്‌ക എയര്‍ലൈന്‍, യൂണൈറ്റഡ് എയര്‍ലൈന്‍, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഹവായിന്‍ എയര്‍ലൈന്‍സ് എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ എത്തി. അതേസമയം, സമയനിഷ്ഠയില്‍ എയര്‍ കാനഡയ്ക്ക് പ്രത്യേക സ്ഥാനം ഓഗ് നല്‍കിയപ്പോള്‍ മറ്റ് കാരിയറുകള്‍ക്കൊന്നും പട്ടികയില്‍ മികച്ച സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. 

ഫ്‌ളൈറ്റുകളുടെ ഓണ്‍-ടൈം പെര്‍ഫോമന്‍സ് കണക്കാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഷെഡ്യൂള്‍ ചെയ്ത അറൈവല്‍, ഡിപ്പാര്‍ച്ചര്‍ സമയത്തിന് 15 മിനിറ്റിനുള്ളില്‍ എത്തിച്ചേരുന്ന വിമാനങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എയര്‍ കാനഡ മികച്ച 20 മെഗാ എയര്‍ലൈനുകളുടെ പട്ടികയിലാണ് ഇടം നേടിയിരിക്കുന്നത്. 52 ശതമാനം ഓണ്‍-ടൈം പെര്‍ഫോമന്‍സുമായി 20-ാം സ്ഥാനത്താണ്. കാലതാമസവും, വിമാനത്താവളങ്ങളിലെ ദൈര്‍ഘ്യമുള്ള നടപടിക്രമങ്ങളും, കാലാവസ്ഥാ സാഹചര്യങ്ങളുമാണ് കാനഡയിലെ എയര്‍ലൈനുകള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കാതിരുന്നതെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. 

ലോകത്തിലെ ഏറ്റവും മികച്ച 20 മെഗാ എയര്‍ലൈനുകളില്‍ ജപ്പാന്റെ ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സാണ് 88.79 ശതമാനം ഓണ്‍-ടൈം പെര്‍ഫോമന്‍സുമായി ഒന്നാം സ്ഥാനത്ത്. ജപ്പാന്‍ എയര്‍ലൈന്‍സാണ് പട്ടികയില്‍ രണ്ടാമത്.