ടൊറന്റോ ഈസ്റ്റ് യോര്‍ക്ക് സ്‌കൂളിലെ ബാത്ത്‌റൂമില്‍ വെടിവെപ്പ്: പോലീസ് അന്വേഷണം ആരംഭിച്ചു 

By: 600002 On: Jan 13, 2023, 11:28 AM

ടൊറന്റോ ഈസ്റ്റ് യോര്‍ക്ക് സ്‌കൂളിലെ ബാത്ത്‌റൂമില്‍ വഴക്കിനിടെ വെടിവെപ്പ്. കോസ്‌ബേണ്‍, കോക്‌സ്‌വെല്‍ അവന്യുവിന് സമീപമുള്ള ഈസ്റ്റ് യോര്‍ക്ക് ആള്‍ട്ടര്‍നേറ്റീവ് സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് പോലീസ് വ്യക്തമാക്കി. 

ആറ് പേര്‍ ഉള്‍പ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായതെന്നാണ് കരുതുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടു. ഒരു സ്‌കൂള്‍ ഒട്ട്‌റീച്ച് വര്‍ക്കര്‍ തര്‍ക്കത്തില്‍ ഇടപെട്ടിരുന്നു. വെടിവെപ്പിനിടെ തോക്കില്‍ നിന്നും വെടിയുണ്ട തെറിച്ച് ഭിത്തിയില്‍ തട്ടി ഷൂവിനുള്ളില്‍ തറച്ചതായി പോലീസ് പറഞ്ഞു. നിസാര പരിക്കേറ്റ ഔട്ട്‌റീച്ച് വര്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചില വിദ്യാര്‍ത്ഥികളും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടിരുന്നതായി പോലീസ് കരുതുന്നു. വെടിവെപ്പിനുപയോഗിച്ച തോക്ക് സ്‌കൂള്‍ പരിസരത്ത് നിന്നും പോലീസ് കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്‌കൂള്‍ അടച്ചതായി അധികൃതര്‍ അറിയിച്ചു.