അണ്‍ഇന്‍ഷ്വേര്‍ഡ് സര്‍വീസുകള്‍ക്ക് ഒന്റാരിയോയിലെ കൂടുതല്‍ ഡോക്ടര്‍മാര്‍ ഫീസ് ഈടാക്കുന്നു

By: 600002 On: Jan 13, 2023, 11:14 AM


ഒന്റാരിയോ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍(OHIP) പരിരക്ഷ ഇല്ലാത്ത ഏത് സേവനത്തിനും ഡോക്ടര്‍മാര്‍ രോഗികളില്‍ നിന്നും ഫീസ് ഇടാക്കി തുടങ്ങിയതായി റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍, ഇന്‍ഷുറന്‍സ് ചെയ്യാത്ത സേവനങ്ങള്‍ക്ക് അധിക ഫീസ് ഡോക്ടര്‍മാര്‍ ഈടാക്കാറില്ലായിരുന്നു. എന്നാല്‍ അവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ രോഗികളില്‍ നിന്നും ഫീസ് ഈടാക്കി തുടങ്ങിയിട്ടുണ്ട്. വ്യക്തികള്‍ക്കും കുടുംബത്തിനും വ്യത്യസ്ത ഫീസുകളാണ് ആന്വല്‍ ബ്ലോക്ക് ഫീസ് എന്ന പേരില്‍ ഈടാക്കുന്നത്. 

ഇന്‍ഷുറന്‍സ് ചെയ്യാത്ത സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കുന്നത് പുതിയ കാര്യമല്ലെന്നും എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ഡോക്ടര്‍മാര്‍ ഫീസ് ഈടാക്കി തുടങ്ങിയതിനാലാണ് ജനങ്ങള്‍ക്ക് ആശ്ചര്യമുണ്ടാകുന്നതെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഒന്റാരിയോയിലെ ഡോക്ടര്‍മാരില്‍ 11 ശതമാനം പേര്‍ മാത്രമാണ് ഇന്‍ഷുറന്‍സ് ചെയ്യാത്ത സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കിയിരുന്നത്. ശരാശരി വാര്‍ഷിക ബ്ലോക്ക് ഫീസ് ഒരു വ്യക്തിക്ക് 106 ഡോളറും ഒരു കുടുംബത്തിന് 194 ഡോളറുമായിരുന്നു. 

അതേസമയം, ഫീസ് ഈടാക്കുക എന്നത് ഒരു ഡോക്ടറുടെ വിവേചാനാധികാരമാണെന്ന് ഒന്റാരിയോ മെഡിക്കല്‍ അസോസിയേഷന്‍ പ്രതികരിച്ചു. മെഡിക്കല്‍ പ്രശ്‌നത്തിന്റെ സങ്കീര്‍ണതയും അതിനായി എത്ര സമയം ചെലവഴിക്കുന്നുവെന്നതും പരിഗണിക്കണം. അത് മാത്രമല്ല, രോഗിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഡോക്ടര്‍ക്ക് അറിവ് വേണമെന്നും യുക്തിരഹിതമായി സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്താന്‍ ഡോക്ടര്‍മാര്‍ ശ്രമിക്കരുതെന്നും അസോസിയേഷന്‍ വ്യക്തമാക്കി.