ഒന്റാരിയോ സ്വദേശിനിയുടെ തിരോധാനം:100,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് പോലീസ്

By: 600002 On: Jan 13, 2023, 9:49 AM

ഒരു വര്‍ഷം മുമ്പ് തട്ടിക്കൊണ്ടുപോയ ഒന്റാരിയോ സ്വദേശിനിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 100,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് ഒന്റാരിയോ പ്രൊവിന്‍ഷ്യല്‍ പോലീസ്. എല്‍നാസ് ഹജ്താമിരി എന്ന യുവതിയെ ഒന്റാരിയോയിലെ വസാഗ ബീച്ചില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. പോലീസ് വേഷത്തില്‍ എത്തിയ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായാണ് പോലീസ് പറയുന്നത്. വെള്ള ലെക്‌സസ് എസ്‌യുവിയില്‍ കയറ്റിയാണ് ഹജ്താമിരിയെ കൊണ്ടുപോയത്. മൂന്ന് പേരില്‍ രണ്ട് പേരുടെ രേഖാ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. 

തട്ടിക്കൊണ്ടുപോകുന്നതിന് ഒരു മാസം മുമ്പ് ഹജ്താമിരിയുടെ മുന്‍കാമുകന്‍ മുബമ്മദ് ലിലോ(35)റിച്ച്മന്റ് ഹില്ലിലെ ഒരു ഭൂഗര്‍ഭ പാര്‍ക്കിംഗില്‍ വെച്ച് ആക്രമിച്ചിരുന്നു. ആക്രമത്തില്‍ ഹജ്താമിരിയുടെ തലയ്ക്ക് പരുക്കേറ്റിരുന്നു. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും കേസെടുത്തിരുന്നു. 2022 ല്‍ ഹജ്താമിരിയുടെ തിരോധാനവുമായി ബന്ധപ്പെട്ടും ലിലോയ്‌ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. 

അതേസമയം, തന്റെ മുന്‍ കാമുകനില്‍ നിന്ന് ഭീഷണിയുണ്ടെന്ന് പരാതി നല്‍കിയ ഹജ്താമിരിയോട് താല്‍ക്കാലികമായി സ്ഥലം മാറാന്‍ പോലീസ് പറഞ്ഞതായി സഹോദരി ഐസ പറയുന്നു.