കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ ഹസ്സന്‍ കോന്തര്‍ എന്ന സിറിയന്‍ അഭയാര്‍ത്ഥിക്ക് കനേഡിയന്‍ പൗരത്വം ലഭിച്ചു. സന്തോഷത്തില്‍ മതിമറന്ന ഹസ്സന്‍ ആദരസൂചകമായി ആദ്യമായി കാനഡയുടെ ദേശീയഗാനം ആലപിച്ചു. അവിശ്വനീയമായ കഥയാണ് ഹസ്സന്റേത്. സിറിയയില്‍ നിന്നും അഭയാര്‍ത്ഥിയായി പാലായനം ചെയ്യുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നയാളായിരുന്നു ഹസ്സന്‍. കാനഡയിലേക്കുള്ള യാത്രയ്ക്കിടെ 2018 ല്‍ മലേഷ്യന്‍ എയര്‍പോര്‍ട്ടില്‍ ഏഴ് മാസത്തോളം കുടുങ്ങി. അതിസാഹസികമായ തന്റെ ജീവിത കഥ ഹസ്സന്‍ ട്വിറ്ററില്‍ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. കൂടാതെ 'മാന്‍ അറ്റ് ദ എയര്‍പോര്‍ട്ട്: ഹൗ സോഷ്യല്‍ മീഡിയ സേവ്ഡ് മൈ ലൈഫ്' എന്ന പേരില്‍ പുസ്തകവും ഹസ്സന്‍ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തനിക്ക് ഇപ്പോള്‍ രാജ്യമുണ്ട്, സമൂഹമുണ്ട്, പറയാനൊരു ഐഡന്റിറ്റിയുമുണ്ടെന്ന് ഹസ്സന്‍ മാധ്യമത്തിലെ അഭിമുഖത്തില്‍ പറഞ്ഞു. ഹസ്സനെ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് കാനഡ കെയറിംഗ് എന്ന നോണ്‍-പ്രോഫിറ്റ് എയ്ഡിംഗ് റെഫ്യുജീസ് ഗ്രൂപ്പും, ബീസിയിലെ റെസിഡന്റ്‌സും ബീസി മുസ്ലിം അസോസിയേഷനും ചേര്‍ന്നാണ്.
കാനഡയില്‍ എത്തിയത് മുതല്‍ വാന്‍കുവറിലെ കനേഡിയന്‍ റെഡ്‌ക്രോസിന്റെ എമര്‍ജന്‍സി ഡിസാസ്റ്റര്‍ ആന്‍ഡ് റെസ്‌പോണ്‍സ് ടീമിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. 15 വര്‍ഷമായി കാണാതിരുന്ന തന്റെ കുടുംബത്തെ സന്ദര്‍ശിക്കണമെന്നതാണ് ഇപ്പോഴുള്ള ആഗ്രഹമെന്ന് കനേഡിയന്‍ പൗരത്വം ലഭിച്ചതിനു ശേഷം ഹസ്സന്‍ പറഞ്ഞു.
ഹസ്സന്‍ അല്‍ കോന്താറിന്റെ ജീവിത കഥ മുഴുവനായി അറിയാന്‍ https://www.manattheairport.com/ ലിങ്കില്‍ സന്ദര്‍ശിക്കുക.