സൗത്ത് ഈസ്റ്റ് എഡ്മന്റണില്‍ നാലംഗ ഇന്ത്യന്‍ കുടുംബത്തിനു നേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പില്‍ അച്ഛനും മകള്‍ക്കും വെടിയേറ്റു. ബരീന്ദര്‍ സിംഗിനും കുടുംബത്തിനും നേരെയാണ് അതിക്രമം ഉണ്ടായത്. അക്രമത്തില്‍ ബരീന്ദര്‍ സിംഗ് കൊല്ലപ്പെട്ടു. മുതുകില്‍ വെടിയേറ്റ മകള്‍ തവ്‌നീത് കൗറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനുവരി 1 നാണ് സംഭവം. പുലര്‍ച്ചെ 2.45 ഓടെ 16 എ അവന്യുവിനും 38 സ്ട്രീറ്റിനും സമീപമുള്ള വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതികള്‍ വീട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.
പരുക്കേറ്റ സിംഗിനെയും മകളെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിംഗ് മരിച്ചു. വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു. വെടിവെപ്പുണ്ടാകാനുള്ള കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും എഡ്മന്റണ്‍ പോലീസ് സര്‍വീസ് അറിയിച്ചു.
അതേസമയം, സിംഗിന് കാനഡയിലോ ഇന്ത്യയിലോ ആരും തന്നെ ശത്രുക്കളായില്ലെന്നും സംഘര്‍ഷങ്ങളിലോ മറ്റ് പ്രശ്‌നങ്ങളിലോ ഇടപെടാതിരിക്കുന്നയാളാണെന്നും ഭാര്യ ജസ്ജീത് കൗര്‍ പ്രതികരിച്ചു. തങ്ങളെ വെടിവെച്ചതാരാണെന്ന് മനസ്സിലായിട്ടില്ലെന്നും സംഭവ സമയത്ത് താന്‍ ബാത്ത്‌റൂമില്‍ പോയിരിക്കുകയായിരുന്നുവെന്നും തന്‍വീത് കൗര്‍ മൊഴിയില്‍ പറയുന്നു.