വീടുകളില്‍ മെഡിക്കല്‍ ഉപകരണങ്ങളില്‍ ടാപ്പ് വെള്ളം ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് ഗവേഷകര്‍. അണുവിമുക്തമല്ലാത്ത വെള്ളത്തില്‍ ഗുരുതരമായതും മാരകവുമായ അണുബാധകള്‍ക്ക് കാരണമാകുമെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ ഇന്റലിജന്‍സ് സര്‍വീസ് ഓഫീസറും ഗവേഷകയുമായ ഷാന മിക്കോ പറയുന്നു. എന്നാല്‍, 2021 ല്‍ നടത്തിയ സര്‍വേയില്‍ മൂന്നില്‍ ഒന്ന് പേരും ടാപ്പ് വെള്ളം സുരക്ഷിതമാണെന്നും അതില്‍ മാരകമായ ബാക്ടീരിയകള്‍ ഇല്ലെന്നും അഭിപ്രായപ്പെട്ടു. ഇത് തെറ്റാണെന്നാണ് മിക്കോ ചൂണ്ടിക്കാണിക്കുന്നത്. ടാപ്പ് വെള്ളം കുടിക്കാന്‍ സുരക്ഷിതമാണെങ്കിലും മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് മിക്കോ വ്യക്തമാക്കുന്നു. ബാക്ടീരിയ ഉള്ള വെള്ളം ഉപയോഗിക്കുമ്പോള്‍ അവ ശരീരത്തില്‍ കയറാനും രോഗം ബാധിക്കാനും സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു.
വെള്ളത്തില്‍ സൂക്ഷമാണുക്കള്‍ ഉണ്ടാകുമെന്നതിനാല്‍ സിപിഎപി മെഷീനുകള്‍, ഹ്യുമിഡിഫയറുകള്‍, നെറ്റി പോട്ടുകള്‍ എന്നിവ പോലുള്ള വീട്ടില്‍ ഉപയോഗിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങളില്‍ സ്‌റ്റോറുകളില്‍ നിന്നും ലഭിക്കുന്ന അണുവിമുക്തമായ വെള്ളമോ തിളപ്പിച്ച് ആറിയ വെള്ളമോ ഉപയോഗിക്കാമെന്ന് സിഡിസി ശുപാര്‍ശ ചെയ്യുന്നു. മെഡിക്കല്‍ ഉപകരണങ്ങള്‍ ഇടയ്ക്കിടെ ശുചിയാക്കി വെക്കുകയും വേണം.
വീട്ടിലെ പബ്ലിംഗ് സംവിധാനങ്ങള്‍ പതിവായി ഫ്‌ളഷ് ചെയ്യാനും പൈപ്പുകളിലോ ഷവറുകളിലോ പ്രത്യേക ഫില്‍ട്ടറുകള്‍ ഉപയോഗിക്കാനും മിക്കോ നിര്‍ദ്ദേശിക്കുന്നു.