എഡ്മന്റണില്‍ മൂടല്‍മഞ്ഞ് കുറച്ചുദിവസങ്ങള്‍ കൂടി നീണ്ടുനില്‍ക്കും: എണ്‍വയോണ്‍മെന്റ് കാനഡ 

By: 600002 On: Jan 12, 2023, 11:42 AM


എഡ്മന്റണ്‍ റീജിയണില്‍ മൂടല്‍മഞ്ഞ് ആഴ്ചയിലുടനീളം നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് എണ്‍വയോണ്‍മെന്റ് കാനഡ. വായു നിലവാരം മോശമായതിനാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നും ജാഗ്രത പാലിക്കണമെന്നും എണ്‍വയോണ്‍മെന്റ് കാനഡ മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച നഗരത്തിലെ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് ഇന്‍ഡെക്‌സ്(AQHI) ലെവല്‍ ഏഴിലേക്ക് ഉയര്‍ന്നു. ലെവല്‍ ഏഴ് അപകടസാധ്യത ഉയര്‍ന്നതായി കണക്കാക്കപ്പെടുന്നു. ഇത് ചുമ, തൊണ്ടയില്‍ അസ്വസ്ഥത, തലവേദന, ശ്വാസതടസ്സം എന്നിവയ്ക്ക് കാരണമാകുമെന്ന് അധികൃതര്‍ അറിയിച്ചു. 

തണുത്ത നിലയിലുള്ള വായുവിന് മുകളില്‍ ചൂടുള്ള വായു അടിഞ്ഞുകൂടുന്ന സാധാരണ ശൈത്യകാല പ്രതിഭാസമാണ് മൂടല്‍മഞ്ഞെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. 

വായു മലിനീകരണത്തിന്റെ തോത് കൂടുതലായിരിക്കുമ്പോള്‍ അപകടസാധ്യത വര്‍ധിക്കുമെന്ന് യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബെര്‍ട്ട ഹോസ്പിറ്റലിലെ ഡോക്ടര്‍ പറയുന്നു. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഹൃദയ, ശ്വാസകോശ രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇത് ഏറെ അപകടകരമായിരിക്കുമെന്നും അവര്‍ ജാഗ്രത പാലിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.