കനേഡിയന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇപ്പോള്‍ 'നല്ല സമയം' 

By: 600002 On: Jan 12, 2023, 11:22 AM


പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരുടെ നീണ്ട നിരയും കാലതാമസവും ബാക്ക്‌ലോഗുകളും തുടര്‍ക്കഥയായ സാഹചര്യത്തില്‍ യാത്രക്കാര്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ഇനി പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ നടപടികളിലൂടെ മുന്നോട്ട് പോകാനുള്ള സന്ദര്‍ഭമാണിപ്പോഴെന്ന് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള നല്ല സമയമാണെന്ന് ഫെഡറല്‍ മിനിസ്റ്റര്‍ കരീന ഗൗള്‍ഡ് പറയുന്നു. സര്‍വീസ് കാനഡയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ യാത്രക്കാര്‍ക്ക് മികച്ച സേവനങ്ങള്‍ ലഭിക്കുവാന്‍ സഹായകമായി. കഴിഞ്ഞയാഴ്ച രാജ്യത്ത് 71,210 പാസ്‌പോര്‍ട്ടുകള്‍ നല്‍കിയെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. ഒരു പാസ്‌പോര്‍ട്ട് ഓഫീസില്‍ നല്‍കിയ പുതിയ അപേക്ഷകളില്‍ 99 ശതമാനവും 10 ദിവസങ്ങള്‍ക്കുള്ളിലും 94 ശതമാനം അപേക്ഷകള്‍ മെയില്‍ വഴിയോ സര്‍വീസ് കാനഡ വഴിയോ 20 ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്യാന്‍ സാധിച്ചുവെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. 

ഒക്ടോബര്‍ മുതല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളിലെ ജീവനക്കാര്‍ ബാക്ക്‌ലോഗ് കുറയ്ക്കാനും പുതിയ അപേക്ഷകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ സര്‍വീസ് സ്റ്റാന്‍ഡേര്‍ഡ് പാലിക്കുന്നുണ്ടെന്നും ഫെഡറല്‍ ഗവണ്‍മെന്റ് അറിയിച്ചു. ഒക്ടോബറിന് മുമ്പ് അപേക്ഷിച്ചയാളുകള്‍ക്ക് പാസ്‌പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ അപേക്ഷ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സര്‍വീസ് കാനഡയുമായോ പാസ്‌പോര്‍ട്ട് ഓഫീസുമായോ ബന്ധപ്പെടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഓണ്‍ലൈനില്‍ വെയ്റ്റ് ടൈം സംബന്ധിച്ച് മനസ്സിലാക്കാനും സാധിക്കും.