ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരാണോ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നു ഗുരുതര കരള്‍ രോഗം: പഠനം 

By: 600002 On: Jan 12, 2023, 10:57 AM

ഫാസ്റ്റ്ഫുഡ് രുചികരമാണെങ്കിലും ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നവയാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരില്‍ ജീവന് തന്നെ ഭീഷണിയാകുന്ന ഗുരുതര രോഗാവസ്ഥയായ ഫാറ്റി ലിവര്‍ പിടികൂടുമെന്ന് പുതിയ പഠനത്തിലൂടെ വെളിപ്പെടുത്തുകയാണ് ഒരു കൂട്ടം ഗവേഷകര്‍. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ കെക്ക് മെഡിസിന്‍ നടത്തിയ പഠനത്തിലാണ് ഫാസ്റ്റ്ഫുഡ് ശീലമാക്കിയവരില്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസോര്‍ഡര്‍(NAFLD) എന്ന ഫാറ്റി ലിവര്‍ ബാധിക്കുമെന്ന് കണ്ടെത്തിയത്. ക്ലിനിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി ആന്‍ഡ് ഹെപ്പറ്റോളജി എന്ന മെഡിക്കല്‍ മാഗസിനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

കരളില്‍ കൊഴുപ്പടിഞ്ഞുണ്ടാകുന്ന രോഗാവസ്ഥയാണ് ഫാറ്റിലിവര്‍. സ്ഥിരമായി ഫാസ്റ്റ്ഫുഡ് കഴിക്കുന്നവരില്‍ തന്നെ അമിതവണ്ണമുള്ളവരിലും പ്രമേഹമുള്ളവരിലും ഫാറ്റിലിവറിനുള്ള സാധ്യത കൂടുതലാണ്. ദിവസേന ഉള്ളില്‍ച്ചെല്ലുന്ന കലോറിയുടെ 20 ശതമാനമോ അതിലധികമോ ജങ്ക്ഫുഡില്‍ നിന്നാണെങ്കില്‍ രോഗസാധ്യത ഉറപ്പാണ്. സാധാരണ ആളുകളില്‍, ഭക്ഷണക്രമത്തിന്റെ അഞ്ചില1ന്നു ഭാഗമോ അതിലധികമോ ഹോട്ടലുകളില്‍ നിന്നാകുമ്പോഴാണ് പ്രശ്‌നസാധ്യത. 

ഒരു ദിവസത്തെ മൊത്തം കലോറിയുടെ അഞ്ചിലൊന്ന് ശതമാനം ഫാസ്റ്റ്ഫുഡുകളില്‍ നിന്നാകുമ്പോള്‍ ആരോഗ്യം അപകടത്തിലാവുകയാണെന്ന് ഹെപ്പറ്റോളജിസ്റ്റും പഠനത്തിന്റെ മുഖ്യഗവേഷകയുമായ ആനി കര്‍ദാഷിയന്‍ പറയുന്നു. ഫാസ്റ്റ് ഫുഡ് അമിതവണ്ണമുണ്ടാക്കുമെന്നൊക്കെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് കരളിനെ ബാധിക്കുമെന്ന് തിരിച്ചറിയുന്നത് ഇതാദ്യമായാണെന്നും കര്‍ദാഷിയാന്‍ പറയുന്നു.