വര്‍ധിച്ചുവരുന്ന കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷണങ്ങള്‍ തടയുന്നതിന് പുതിയ പ്രോഗ്രാം ആരംഭിച്ച് കാല്‍ഗറി പോലീസ്. വാഹനത്തിന്റെ വിഐഎന്‍(VIN) കാറ്റലിറ്റിക് കണ്‍വെര്‍ട്ടറില്‍ എന്‍ഗ്രേവ് ചെയ്ത് മോഷണം തടയുന്ന തരത്തിലുള്ള പദ്ധതിയാണിത്. കാല്‍ഗറി പോലീസും കാള്‍ ടയറും(Kal Tire) സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. വാഹന ഉടമകള്‍ക്ക് മാര്‍ച്ച് അവസാനം വരെ കാല്‍ഗറിയിലുടനീളമുള്ള ഏത് കാള്‍ ടയര്‍ ലൊക്കേഷനുകളിലും വിഐഎന്‍ എന്‍ഗ്രേവ് ചെയ്യാം. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സേവനത്തിന്റെ ചിലവ് 40 ഡോളറാണ്. കൂടാതെ സൗജന്യ വിഷ്വല്‍ ടയറും ബ്രേക്ക് ഇന്‍സ്‌പെക്ഷനും ഉള്‍പ്പെടുന്നു.
വിഐഎന്‍ കാറ്റലിറ്റിക് കണ്‍വെര്‍ട്ടറില്‍ എന്‍ഗ്രേവ് ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന രണ്ട് ചെറിയ ഡെക്കലുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
വിഐഎന്‍ എന്‍ഗ്രേവ് ചെയ്യുന്നതിലൂടെ സ്‌ക്രാപ്പ് മെറ്റല്‍ റീസൈക്ലിംഗ് ബിസിനസ്സുകള്‍ക്കും മറ്റും കനേഡിയന്‍ പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡാറ്റാബേസില്‍ പ്രവേശിച്ച് ഉടമസ്ഥതയുടെ തെളിവ് നല്‍കാന്‍ വില്‍പ്പനക്കാരനോട് ആവശ്യപ്പെടാം. ഇതുവഴി വില്‍ക്കാന്‍ കൊണ്ടുവന്ന കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോയെന്ന് തിരിച്ചറിയാനായി സാധിക്കും. മോഷ്ടിക്കപ്പെട്ടവയാണെന്ന് തെളിഞ്ഞാല്‍ ഉടന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.