ആരോഗ്യ മേഖല നവീകരിക്കാന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ധനസഹായത്തിനായി കാത്തിരിക്കുന്നില്ലെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ 

By: 600002 On: Jan 11, 2023, 11:41 AM


പ്രവിശ്യയിലെ ആരോഗ്യ പരിചരണ സംവിധാനത്തിലെ പരിഷ്‌കരണങ്ങള്‍ക്ക് ഫെഡറല്‍ സര്‍ക്കാരിന്റെ ധനസഹായത്തിനായി കാത്തിരിക്കുന്നില്ലെന്ന് ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത്. ഫെഡറല്‍ ഗവണ്‍മെന്റില്‍ നിന്നും ഫണ്ടിംഗ് ലഭിക്കുമെന്ന പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ താന്‍ ചെയ്യേണ്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയില്ലെന്നും അത് തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും സ്മിത്ത് മാധ്യമങ്ങളോട് പറഞ്ഞു. 

കാനഡ ഹെല്‍ത്ത് ട്രാന്‍സ്ഫറിന്റെ വിഹിതം വര്‍ധിപ്പിക്കാന്‍ ഫെഡറല്‍ സര്‍ക്കാര്‍ തയാറാണെന്ന് കഴിഞ്ഞ നവംബറില്‍ ആരോഗ്യ മന്ത്രി ജീന്‍ യുവ്‌സ്    ഡുക്ലോസ് പറഞ്ഞിരുന്നു. ആരോഗ്യ സംവിധാനങ്ങളുടെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് പ്രവിശ്യകളും പ്രദേശങ്ങളും തമ്മില്‍ അനുയോജ്യമായ കരാറുകള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പ്രവിശ്യകള്‍ക്ക് ധനസഹായം നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചുവരികയായിരുന്നു. 

എന്നാല്‍ ആരോഗ്യ മേഖലയില്‍ ജീവനക്കാരുടെ കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഫെഡറല്‍ സര്‍ക്കാരിന്റെ ധനസഹായത്തിന് കാത്തുനില്‍ക്കാതെ പരിഷ്‌കരണങ്ങള്‍ നടത്തുമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് തങ്ങളെന്ന് സ്മിത്ത് ആവര്‍ത്തിച്ചു.