ഒന്റാരിയോയില്‍ നിന്ന് 26 യൂറോപ്യന്‍ നഗരങ്ങളിലേക്ക് അള്‍ട്രാ ലോ കോസ്റ്റ് എയര്‍ലൈന്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നു 

By: 600002 On: Jan 11, 2023, 9:09 AM

ഒന്റാരിയോയില്‍ നിന്നും 26 യൂറോപ്യന്‍ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ വിമാനസര്‍വീസ് പ്രഖ്യാപിച്ച് യൂറോപ്യന്‍ എയര്‍ലൈന്‍ കമ്പനിയായ പ്ലേ(PLAY). ജൂണ്‍ 22 ന് ജോണ്‍ സി മണ്‍റോ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന ആദ്യ ഷെഡ്യൂള്‍ ചെയ്ത വിമാനത്തോടെയാണ് സര്‍വീസ് ആരംഭിക്കുന്നതെന്ന് കമ്പനി അറിയിച്ചു. മുമ്പ് ഐസ്‌ലന്‍ഡിനും യൂറോപ്പിനുമിടയിലായിരുന്നു പ്ലേ ഫ്‌ളൈറ്റ് സര്‍വീസ് നടത്തിയിരുന്നത്. 

ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍, കോപ്പന്‍ഹേഗന്‍, ഡബ്ലിന്‍, ബ്രസ്സല്‍സ്, സ്റ്റോക്ക്‌ഹോം, ഗോഥെന്‍ബര്‍ഗ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഈ നഗരങ്ങളിലേക്ക് 169 ഡോളര്‍ നിരക്കില്‍ ടിക്കറ്റ് നല്‍കുമെന്നും ഐസ്‌ലാന്‍ഡിലെ കെഫ്‌ലാവിക്കിലേക്ക് 129 ഡോളറായിരിക്കും ടിക്കറ്റ് നിരക്കെന്നും കമ്പനി വ്യക്തമാക്കി. ഈ ഓഫര്‍ 2023 ഓഗസ്റ്റിനും ഒക്ടോബറിനും ഇടയില്‍ കാനഡയില്‍ നിന്നും പുറപ്പെടുന്ന റൗണ്ട് ട്രിപ്പ് ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കായിരിക്കും ലഭിക്കുക. ഡിസ്‌കൗണ്ട് നിരക്കുകള്‍ക്കായി ജനുവരി 31 നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതാണ്. 

പ്ലേ ഫ്‌ളൈറ്റുകളില്‍ വൈഫൈ, ഇന്‍-ഫ്‌ളൈറ്റ് എന്റര്‍ടെയിന്‍മെന്റ് എന്നിവ ഉണ്ടായിരിക്കില്ലെന്നും കമ്പനി അറിയിച്ചു.